പാലേമാട് ചുരുളിയില്‍ കാട്ടാനകള്‍ വ്യാപകമായി വിളകള്‍ നശിപ്പിച്ചു
1547218
Thursday, May 1, 2025 5:53 AM IST
എടക്കര: പാലേമാട് ചുരുളിയില്‍ കൃഷിയിടത്തിലിറങ്ങിയ കാട്ടാനകള്‍ വ്യാപകമായി വിളകള്‍ നശിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയാണ് കുട്ടിയാനയോടൊപ്പം എത്തിയ കാട്ടാന കൃഷിയിടത്തില്‍ നാശം വിതച്ചത്. നാരോക്കാവ് സ്വദേശി എം.ഐ. മുഹമ്മദലി സുല്ലമി, ചുരുളിയിലെ താഴത്തേടത്ത് വിത്സണ് എന്നിവരുടെ കൃഷിയിടങ്ങളിലാണ് കാട്ടാനകള്‍ നാശംവരുത്തിയത്.
ഇരുവരുടെയും കൃഷിയിടങ്ങളിലായി അഞ്ചിലധികം തെങ്ങുകളും നിരവധി കമുകുകളും വാഴകളുമാണ് കാട്ടാനകള്‍ നശിപ്പിച്ചത്. കരിയംമുരിയം വനത്തില്‍നിന്നും ഇറങ്ങുന കാട്ടാനകള്‍ പ്രദേശത്തെ കൃഷിയിടങ്ങളില്‍ നാശം വിതയ്ക്കുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. കാട്ടാനശല്യം ചെറുക്കാന്‍ വനാതിര്‍ത്തിയില്‍ സ്ഥാപിച്ച ഫെന്‍സിംഗ് വര്‍ഷങ്ങളായി പ്രവര്‍ത്തന രഹിതമാണ്.
കാലങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ച കിടങ്ങ് വശങ്ങള് ഇടിഞ്ഞും മണ്ണടിഞ്ഞ് മൂടിയ നിലയിലുമാണ്. ഇതുവഴിയാണ് ആനകള്‍ യഥേഷ്ടം കൃഷിയിടങ്ങളിലേക്ക് പ്രവേശിക്കുന്നത്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് കാട്ടാനകളുടെ സാന്നിധ്യംമൂലം നാട്ടുകാര്‍ ഭീതിയിലാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന് ആവശ്യമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.