ചെറുപുഴയിൽ സാമൂഹ്യവിരുദ്ധർ കക്കൂസ് മാലിന്യം തള്ളുന്നു
1547221
Thursday, May 1, 2025 5:54 AM IST
അങ്ങാടിപ്പുറം: പെരിന്തൽമണ്ണ നഗരത്തിലൂടെ അങ്ങാടിപ്പുറത്തേക്ക് ഒഴുകുന്ന ചെറുപുഴയിൽ സാമൂഹ്യവിരുദ്ധർ തുടർച്ചയായി കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ളവ തള്ളുന്നതായി പരാതി. പള്ളികളും ക്ഷേത്രങ്ങളും ഉൾപ്പെടെ നിരവധി ആരാധനാലയങ്ങളുടെ സമീപത്തുകൂടെ ഒഴുകുന്ന ചെറുപുഴയിലേക്കാണ് കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ളവ തള്ളുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കറുത്ത നിറത്തിൽ ദുർഗന്ധത്തോടെയാണ് ചെറുപുഴയിലൂടെ വെള്ളം ഒഴുകുന്നത്. മീനുകളും ചത്തൊടുങ്ങിയിരുന്നു. അങ്ങാടിപ്പുറം ചാത്തോലിക്കുണ്ട് ഭാഗത്തെ പ്രദേശവാസികളാണ് വിഷയത്തിൽ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
പ്രദേശത്തെ കിണറുകളിലെ വെള്ളം അടക്കം ഉപയോഗശൂന്യമായെന്ന് നാട്ടുകാർ പറയുന്നു. രാത്രിയുടെ മറവിൽ കക്കൂസ് മാലിന്യം ഒഴുക്കി വിട്ടതാണെന്നാണ് പ്രദേശവാസികൾ സംശയിക്കുന്നത്. കടുത്ത ദുർഗന്ധത്തോടെ കറുത്ത നിറത്തിൽ പതഞ്ഞൊഴുകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ആരോഗ്യവകുപ്പിനെയും വിവരമറിയിച്ചിരുന്നു.
കഴിഞ്ഞദിവസം മഴപെയ്തതോടെ ഏറെക്കുറെ വെള്ളം കുത്തിയൊലിച്ചു പോയെങ്കിലും ഇപ്പോഴും ദുർഗന്ധം പരിസരപ്രദേശത്ത് ആകെ വ്യാപിച്ചിട്ടുണ്ട്. പെരിന്തൽമണ്ണ നഗരത്തിലെ പല കച്ചവട സ്ഥാപനങ്ങളിൽ നിന്നും ചെറുപുഴയിലേക്ക് കക്കൂസ് മാലിന്യങ്ങളും മറ്റും ഒഴുക്കിവിടുന്നുണ്ടെന്നും വിഷയത്തിൽ അധികൃതർ നടപടിയെടുത്തില്ലെങ്കിൽ കടുത്ത പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്നും വാർഡ് മെമ്പർ ശിഹാബ് പറഞ്ഞു.