ഓട്ടോക്ക് മുകളിൽ മരം വീണ് ഡ്രൈവർക്ക് പരിക്ക്
1547217
Thursday, May 1, 2025 5:53 AM IST
തുവൂരിൽ കാറ്റിലും മഴയിലും കനത്ത നാശനഷ്ടം
കരുവാരകുണ്ട്: ശക്തമായ മഴയിലും കാറ്റിലും മരങ്ങൾ കടപുഴകി ഓട്ടോറിക്ഷക്ക് മുകളിൽ വീണ് ഡ്രൈവർക്ക് പരിക്കേറ്റു. തുവൂർ റെയിൽവേ സ്റ്റേഷന് സമീപം നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലാണ് ഇന്നലെ വൈകുന്നേരമുണ്ടായ കാറ്റിൽ മരം വീണ് എടത്തനാട്ടുകര സ്വദേശി ആലടിപ്പുറം രാജേഷിന് പരിക്കേറ്റത്. ഓട്ടോറിക്ഷ പൂർണമായും തകർന്നു.
സമീപം നിർത്തിയിട്ടിരുന്ന പരപ്പനിയിൽ സുനിലിന്റെ സ്കൂട്ടറും തകർന്നിട്ടുണ്ട്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ നാട്ടുകാർ ചേർന്ന് ഡ്രൈവറെ ആശുപത്രിയിൽ എത്തിച്ചു. പ്രതികൂല കാലാവസ്ഥയെത്തുടർന്ന് നിലന്പൂരിൽ നിന്ന് പാലക്കാട്ടേക്ക് പുറപ്പെട്ട ട്രെയിൻ തുവൂരിൽ നിന്ന് അരമണിക്കൂർ വൈകിയാണ് ഓടിയത്.
ട്രെയിൻ തുവൂർ റെയിൽവേ സ്റ്റേഷനിലേക്ക് എത്തിയപ്പോഴാണ് ട്രെയിനിനു മുന്നിൽ മരങ്ങൾ കടപുഴകി വീണത്. നിമിഷങ്ങൾക്കു ശേഷമായിരുന്നെങ്കിൽ വൻ ദുരന്തം സംഭവിക്കുമായിരുന്നു. നാട്ടുകാരുടെ സഹകരണത്തോടെ മരങ്ങൾ മുറിച്ച് നീക്കിയാണ് ട്രെയിൻ സർവീസ് പുനരാരംഭിച്ചത്.
തുവൂർ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ സ്റ്റേഡിയത്തിലും ലൈറ്റ് ടവറുകൾ തകർന്ന് വ്യാപക നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വിലങ്ങുംപൊയിൽ പ്രദേശത്തെ മരങ്ങൾ വീണ് നിരവധി ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു. ഏതാനും വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.