പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പാർക്കിംഗ് ഫീസ് കുത്തനെ കൂട്ടി: യൂത്ത് ലീഗ് പ്രതിഷേധത്തിൽ
1547225
Thursday, May 1, 2025 5:54 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പാർക്കിംഗ് ഫീസ് കുത്തനെ വർധിപ്പിച്ചതിൽ പ്രതിഷേധവുമായി യൂത്ത് ലീഗ് രംഗത്ത്. പാർക്കിംഗ് ഫീസ് കുത്തനെ കൂട്ടിയ നടപടി പരിശോധിക്കണമെന്നും അടഞ്ഞുകിടക്കുന്ന മാതൃശിശു സമുച്ചയം തുറന്നു കൊടുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികൾ ആശുപത്രി സൂപ്രണ്ടിന് കൈമാറി .
ഇരുചക്രവാഹനങ്ങൾക്ക് അഞ്ചും മുച്ചക്രവാഹനങ്ങൾക്ക് പത്തും നാലുചക്ര വാഹനങ്ങൾക്ക് 20 രൂപയുമായിരുന്നു പാർക്കിംഗ് ഫീസ്. എന്നാൽ ഇപ്പോൾ കാർ പാർക്ക് ചെയ്യണമെങ്കിൽ 40 രൂപയും ഇരുചക്രവാഹനങ്ങൾക്ക് 10 രൂപയും കൊടുക്കണം ഈ സാഹചര്യത്തിലാണ് യൂത്ത് ലീഗ് പെരിന്തൽമണ്ണ മണ്ഡലം കമ്മിറ്റി പ്രതിഷേധവുമായി രംഗത്തെത്തിയത്.
വർധനവ് അംഗീകരിക്കില്ലെന്നും ഫീസ് വർധിപ്പിച്ച നടപടി പുനഃപരിശോധിക്കണമെന്നും അടഞ്ഞുകിടക്കുന്ന മാതൃ-ശിശുവാർഡ് തുറന്നു കൊടുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് യൂത്ത് ലീഗ് നേതൃത്വം നിവേദനം നൽകിയത്.
അതേസമയം പൂർണമായും എച്ച്എംസിയുടെയും ജില്ലാ പഞ്ചായത്തിന്റെയും തീരുമാനപ്രകാരമാണ് പാർക്കിംഗ് ഫീസ് വർധിപ്പിച്ചതെന്നും വിഷയത്തിലുള്ള പ്രതിഷേധം എച്ച്എംസിയെ ധരിപ്പിക്കുമെന്നും സൂപ്രണ്ട് ഷീനാലാൽ പറഞ്ഞു. പാർക്കിംഗ് ഫീസ് വർധിപ്പിച്ചതുമായി ബന്ധപ്പെട്ടുള്ള പരാതികളും മാതൃശിശു വ്ലോഗുമായി ബന്ധപ്പെട്ടുള്ള പരാതികളും തീർക്കാൻ ശ്രമിക്കുമെന്ന് ആർഎംഒ വ്യക്തമാക്കി.