മാതാവിനെ കഴുത്തറുത്തു കൊന്ന കേസിൽ മകന് ജീവപര്യന്തം തടവും പിഴയും
1547229
Thursday, May 1, 2025 6:00 AM IST
മഞ്ചേരി: വയോധികയായ മാതാവിനെ കഴുത്തറുത്തു കൊലപ്പെടുത്തിയ മകനെ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജീവപര്യന്തം തടവിനും 25000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. കല്പകഞ്ചേരി ചെറവന്നൂര്‍ വളവന്നൂര്‍ വാരിയത്ത് മൊയ്തീന് കുട്ടി (56) യെയാണ് ജഡ്ജ് എം. തുഷാര്‍ ശിക്ഷിച്ചത്. 2016 മാര്‍ച്ച് 21നാണ് കേസിനാസ്പദമായ സംഭവം. വാരിയത്ത് അബ്ദുറഹിമാന്റെ ഭാര്യ പാത്തുമ്മ (75) ആണ് കൊല്ലപ്പെട്ടത്. പാത്തുമ്മയുടെ ഏകമകനാണ് പ്രതി.
പിതാവിന്റെ പേരിലുള്ള സ്വത്ത് വിറ്റ ശേഷം സ്വന്തം പേരില്‍ വസ്തു വാങ്ങിയ മൊയ്തീന്‍കുട്ടി വയോധികയായ മാതാവ് പാത്തുമ്മയെ വീട്ടില്‍ നിന്നിറക്കി വിടുകയായിരുന്നു. തുടര്‍ന്ന് പലവീടുകളിലായി താമസിച്ചു വരികയായിരുന്ന പാത്തുമ്മ മകനില്‍ നന്നും ചെലവിന് കിട്ടണമെന്നാവശ്യപ്പെട്ട് തിരൂര്‍ കുടുംബ കോടതിയെ സമീപിച്ചിരുന്നു.
കോടതി കേസ് അദാലത്തിലേക്ക് വച്ചു. അദാലത്തില്‍ ഇരുവരും ഹാജരാകുകയും മേലില്‍ മാതാവിനെ സംരക്ഷിക്കാമെന്ന കരാറുണ്ടാക്കി മൊയ്തീന്‍കുട്ടി കരാറില്‍ ഒപ്പു വയ്ക്കുകയും ചെയ്തു.
ഇവിടെ നിന്ന് മടങ്ങും വഴി ചോലക്കല്‍ ഇടവഴിയില്‍ വച്ച് മൊയ്തീന്‍കുട്ടി മാതാവിനെ കത്തികൊണ്ട് കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നു. കല്പകഞ്ചേരി സബ് ഇന്‍സ്പെക്ടറായിരുന്ന കെ. വിശ്വനാഥന് രജിസ്റ്റര്‍ ചെയ്ത കേസില്‍ പോലീസ് ഇന്‍സ്പെക്ടറായിരുന്ന കെ.ജി. സുരേഷാണ് പ്രതിയെ അറസ്റ്റ് ചെയ്തതും കേസ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചതും.
പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി. വാസു, അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി. ബാബു എന്നിവര്‍ ഹാജരായി. പ്രതി പിഴയടക്കാത്ത പക്ഷം മൂന്ന് മാസത്തെ അധിക തടവ് അനുഭവക്കണമെന്നും കോടതി വിധിച്ചു. പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.