മലപ്പുറം:സമാന്തര വിദ്യാഭ്യാസ പ്രവർത്തനങ്ങളായ ശ്രദ്ധ, ഹലോ ഇംഗ്ലീഷ്, ഗണിത വിജയം, ഉല്ലാസ വിജയം തുടങ്ങിയ പദ്ധതികൾ പഠന പ്രവർത്തനത്തോടൊപ്പം നടത്തുന്നതിനു പകരം പ്രത്യേകമായി നടത്താനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനവുമായി സഹകരിക്കില്ലെന്ന് കേരളാ പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെപിഎസ്ടിഎ) മലപ്പുറം ജില്ലാ കമ്മിറ്റി തീരുമാനം.
അവധിക്കാല പരിശീലനത്തിൽ നിർദേശിച്ചതു പോലെ ശ്രദ്ധ തുടങ്ങിയ പദ്ധതികൾ പഠന പ്രവർത്തനത്തിൽ ഉൾച്ചേർത്തി നടത്തണം. അധ്യാപക സംഘടനകളുമായി ചർച്ച ചെയ്യാതെ നടപ്പാക്കുന്ന ഇത്തരം പദ്ധതികൾ വിദ്യാഭ്യാസ പ്രക്രിയയുടെ മികവിനെ സാരമായി ബാധിക്കും. സ്കൂൾ തലം തൊട്ടു വിവിധ മേളകൾ നടത്തുന്നതിനിടയിൽ സമാന്തര പ്രവർത്തനങ്ങൾ നടത്തുന്നത് നിക്ഷിപ്ത താത്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി മാത്രമാണ്. അധ്യാപക സംഘടനകളുമായി ആലോചിക്കുക പോലും ചെയ്യാതെ അവധി ദിവസങ്ങളിൽ നടത്തുന്ന ഇത്തരം പദ്ധതികളുടെ ശില്പശാലകൾ ബഹിഷ്കരിക്കാനും കമ്മിറ്റി തീരുമാനിച്ചു. എസ്എസ്എൽസി, പ്ലസ് വണ്, പ്ലസ്ടു വിദ്യാർഥികളെ ഒരു ക്ലാസിൽ ഇടകലർത്തിയിരുത്തി പൊതു പരീക്ഷ നടത്താനുളള സർക്കാർ തീരുമാനം പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
വെവ്വേറെ ഇരുത്തി പരീക്ഷ നടത്താൻ സൗകര്യമുണ്ടായിട്ടും ഇടകലർത്തി പരീക്ഷ നടത്തുന്നത് കുട്ടികൾക്കു വലിയ തോതിൽ പ്രയാസം സൃഷ്ടിക്കും. ഒപ്പം പരീക്ഷയുടെ വിശ്വാസ്യത, അച്ചടക്കം എന്നിവയെ ബാധിക്കുകയും ചെയ്യുമെന്നും ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി. യോഗം സംസ്ഥാന സംസ്ഥാന സെക്രട്ടറി ടി.ടി റോയ് തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.വി.രഘുനാഥ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.എൽ ഷാജു, നേതാക്കളായ കെ.അബ്ദുൾ മജീദ്, ജോജോ മാത്യു, സി.വി.സന്ധ്യ, ഇ.കൃഷ്ണകുമാർ, സി.മെഹബൂബ്, സി.പി.മോഹനൻ, ടി.ജെ.ജയിംസ്, വി.ഷെഫീഖ്, കെ.പി.പ്രശാന്ത്, സി.കെ.പൗലോസ്, പി.വി.ഉദയകുമാർ, എൻ.ബി.ബിജു പ്രസാദ്, വി.പി.പ്രകാശ്, സിബി തോമസ്, സി.കെ.ജോണ് എന്നിവർ പ്രസംഗിച്ചു.