കോഴിക്കോട്: തദ്ദേശതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ അവശേഷിക്കെ മുന്നണികള്‍ക്ക് ഭീഷണിയുമായി അപരന്മാര്. പേരിലും ചിഹ്നത്തിലും ഭീഷണി ഉയര്‍ത്തിയാണ് അപരന്മാരുടെ വരവ്. കോര്‍പ്പറേഷനിലെ പ്രമുഖ മുന്നണി സ്ഥാനാര്ഥികള്ക്കെല്ലാം അപരന്മാരുണ്ട് . 75 വാര്‍ഡുകളില്‍ 44 ഇടത്തും മുഖ്യ സ്ഥാനാര്‍ഥികളുടെ അതേപേരുള്ള സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. ഇവരുടെ ചിഹ്നത്തിനും മുന്നണി സ്ഥാനാര്‍ഥികളുടെ ചിഹ്നവുമായി സാമ്യമുള്ളത് മുന്നണികളെ ആശങ്കയിലാക്കുന്നു.
ചുറ്റിക അരിവാള്‍ നക്ഷത്രത്തിന് പാരയായി രണ്ടു വാളും പരിചയും ആന്റിനയും കൈക്ക് പകരം ആപ്പിളും കോണിക്ക് പകരം ഓടക്കുഴലും താമരയ്ക്ക് പകരം റോസാപ്പൂവുമൊക്കെയായാണ് അപരന്മാരുടെ നില്‍പ്പ്. 2015ലെ തെരഞ്ഞെടുപ്പില്‍ 75 വാര്‍ഡുകളില്‍ 34 ഇടത്തായിരുന്നു അപരന്മാര്. രണ്ട് വാര്‍ഡുകളില്‍ അപരന്മാര് ഉയര്‍ത്തിയ ഭീഷണി മുന്നണികളെ ഞെട്ടിച്ചു. മലാപ്പറമ്പ് വാര്‍ഡില്‍ കൗണ്‍സിലര്‍മാര്‍ തമ്മിലുള്ള പോരാട്ടത്തില്‍ കെ.സി.ശോഭിതയുടെ അപര ശോഭനക്ക് 25 വോട്ടും അന്നത്തെ കൗണ്‍സിലര്‍ കെ.സിനിയുടെ അപര പി.സിനിക്ക് 69 വോട്ടും കിട്ടിയിരുന്നു. 50 വോട്ടിന്െ ഭൂരിപക്ഷത്തിനാണ് ശോഭിത സിനിയെ തോല്‍പ്പിച്ചത്. പാളയത്ത് സിപിഎമ്മിന്റെ പി.ജയശ്രീയുടെ അപര വി.വിജയശ്രീക്ക് 54 വോട്ട് കിട്ടി. 60 വോട്ടിനാണ് അന്ന് ഇപ്പോഴത്തെ കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ഥികളിലൊരാളായ പി.ഉഷാദേവി ജയിച്ചുകയറിയത്.
ഇത്തവണ ഒന്നാം വാര്‍ഡായ എലത്തൂരില്‍ സിപിഎമ്മിന്റെ കെ.വി ഫെബിന ടീച്ചര്‍ക്ക് വെല്ലുവിളിയായി മുബീന ടീച്ചര്‍ മത്സര രംഗത്തുണ്ട്. കോണ്‍ഗ്രസിന്റെ മനോഹരന് മാങ്ങാറിയിലിന് ഭീഷണിയായി മറ്റൊരു മനോഹരനും മത്സര രംഗത്തുണ്ട്. രണ്ടാം വാര്‍ഡായ ചെട്ടികുളത്ത് സിപിഎമ്മിന്റെ ഒ.പി.ഷിജിനയ്ക്ക് അപരരായി ഷിജിനയും ഷിംനയുമുണ്ട്. കോണി ചിഹ്നത്തില്‍ മത്സരിക്കുന്ന സുമതി ടീച്ചര്‍ക്ക് പാരയായി എരിയുന്ന പന്തവുമായി മറ്റൊരു സുമതിയാണുള്ളത്.
എരഞ്ഞിക്കല്‍ മൂന്നാം വാര്‍ഡില്‍ സിപിഎമ്മിന്റെ ഇ.പി സഫീനയ്ക്ക് രണ്ടുവാളും പരിചയും ചിഹ്നത്തില്‍ മത്സരിക്കുന്ന സഫറീനയും കോണ്‍ഗ്രസിന്റെ റജുല തെറ്റത്തിന് ബക്കറ്റ് അടയാളത്തില്‍ മത്സരിക്കുന്ന രജിതയും അപരഭീഷണിയാണ്. പുത്തൂര്‍ നാലാം വാര്‍ഡില്‍ സിപിഎമ്മിന്റെ വി.പി.മനോജിന് പാരയായി ഒ.പി.മനോജ്കുമാറുണ്ട്. താമര ചിഹ്നത്തില്‍ മത്സരിക്കുന്ന ബിജെപിയുടെ സതീഷ് വെമ്പാലയ്ക്ക് റോസാപ്പൂ ചിഹ്നവുമായി മറ്റൊരു സതീഷും ഭീഷണിയുയര്‍ത്തുന്നു.
ലീഗ് സ്വതന്ത്രനായ സിറാജുദ്ദീന് സിറാജ് എന്ന പേരില്‍ അപരനുണ്ട്. സിവില്‍ സ്റ്റേഷന് വാര്‍ഡില്‍ സിപിഎമ്മിന്റെ എം.എന്‍ പ്രവീണിനെതിരേ മറ്റൊരു പ്രവീണും കോണ്‍ഗ്രസിലെ കെ.സത്യനാഥനെതിരേ സത്യനാഥനും മത്സരിക്കുന്നു. മൂഴിക്കലില്‍ സിപിഎമ്മിലെ എം.പി.ഹമീദിന് ഭീഷണിയായി ഹമീദും യുഡിഎഫ് സ്വതന്ത്രനായ സലീം മൂഴിക്കലിന് അപരനായി കെ.പി സലീമും രംഗത്തുണ്ട്. ചെലവൂരില്‍ സിപിഎം സ്ഥാനാര്‍ഥിയായി അഡ്വ. സി.എം. ജംഷീറിന് ഭീഷണിയുമായി ജംഷീര്‍.കെയും കോണ്‍ഗ്രസിലെ പി. ഷിനോജ്കുമാറിനെ കുടുക്കാന്‍ ഷിനോജും ഷിനോജ്കുമാറുമുണ്ട്.
കോവൂരില്‍ സിപിഎമ്മിന്റെ ടി. സുരേഷ്കുമാറിനും അപരഭീഷണിയുണ്ട്. കോട്ടൂളിയില്‍ കോണ്‍ഗ്രസിലെ കെ.കാര്‍ത്യായനി പട്ടാടത്തും അപരയെ തടുക്കാന്‍ തന്ത്രം മെനയുകയാണ്. കുതിരവട്ടത്ത് സിപിഎമ്മിന്റെ എം.സി അനില്‍കുമാറിനു രണ്ട് അനില്‍കുമാര്‍ അപരന്മാരായി ഉണ്ട്.
ഇവിടെ ബിജെപിയുടെ ബിന്ദു ഉദയകുമാറിനും അപരഭീഷണിയുണ്ട്. കൊമ്മേരിയില്‍ സിപിഎമ്മിന്റെ ടി.അഞ്ജുവിനും കുണ്ടുപ്പറമ്പില്‍ കോണ്‍ഗ്രസിലെ എന്‍.പുഷ്പലതയെ വെല്ലുവിളിയായി പുഷ്പലതയും രംഗത്തുണ്ട്.
മലാപ്പറമ്പില്‍ സിപിഎമ്മിലെ കെ.പി മമ്മദ് കോയയ്ക്ക് വെല്ലുവിളിയുമായി എം.പി.മമ്മദ്കോയ രംഗത്തുണ്ട്. കോണ്‍ഗ്രസിലെ കെ.പി. രാജേഷ്കുമാറിന് പാരയാകാന്‍ എന്‍.കെ രാജേഷ്, കെ.ടി.രാജേഷ് എന്നിവരുണ്ട്. വേങ്ങേരിയില്‍ സിപിഎമ്മിലെ ഒ. സദാശിവന് സദാശിവനാണ് അപരന്. പാറോപ്പടിയില്‍ എന്‍സിപിയുടെ വി.പി.ഷീജക്കെതിരേ മറ്റൊരു ഷീജയും ബിജെപിയുടെ അഡ്വ. സബിതക്കെതിരേ മറ്റൊരു സബിതയുമുണ്ട്.
കല്ലായിയില്‍ ഇടത് സ്ഥാനാര്‍ഥി അഡ്വ. എം.കെ.സറീനക്കും കോണ്‍ഗ്രസിലെ എം.സി സുധാമണിക്കും അപരന്മാരുണ്ട്. പന്നിയങ്കരയില്‍ സിപിഎം സ്ഥാനാര്‍ഥി മുന്‍ മേയര്‍ ഒ.രാജഗോപാലിനും അപരനുണ്ട്. ഇവിടെ ലീഗ് സ്വതന്ത്ര നിര്മലക്കും അപരയുണ്ട്. കൊമ്മേരിയില്‍ സിപിഎമ്മിന്റെ ടി.അഞ്ജുവിനും പൊക്കുന്നില്‍ ലീഗിലെ സക്കീര്‍ പുളിങ്ങഞ്ചേരിക്കും കിണാശേരിയില്‍ എല്‍ഡിഎഫിലെ എന്‍.എം.ഷിംനക്കും ലീഗിലെ സാഹിദ സുലൈമാനും മാങ്കാവില്‍ കോണ്‍ഗ്രസിലെ ഓമന മധുവിനും ആഴ്ചവട്ടത്ത് കോണ്‍ഗ്രസിലെ കെ.സന്തോഷിനും അപരഭീഷണിയുണ്ട്.
മീഞ്ചന്തയിലും തിരുവണ്ണൂര്‍, അരീക്കാട് നോര്‍ത്ത്, അരീക്കാട്, നല്ലളം, കൊളത്തറ, കുണ്ടായിത്തോട്, ചെറുവണ്ണൂര്‍ ഈസ്റ്റ്, ചെറുവണ്ണൂര്‍ വെസ്റ്റ്, ബേപ്പൂര്‍ പോര്‍ട്ട്, ബേപ്പൂര്‍, മാറാട്, ചക്കുംകടവ്, മുഖദാര്‍, കുറ്റിച്ചിറ വലിയങ്ങാടി, വെള്ളയില്‍, തോപ്പയില്‍, ഈസ്റ്റ്ഹില്‍, വെസ്റ്റ്ഹില്‍, എടക്കാട്, പുതിയങ്ങാടി എന്നിവിടങ്ങളിലും പ്രമുഖര്‍ക്ക് അപരരുണ്ട്.