ആ​ക്രി​ക്ക​ച്ച​വ​ട​ക്കാ​ര​ന്‍റെ ന​ന്മ​ ഏ​റ്റു​വാ​ങ്ങി വ​ട​ക​ര
Sunday, August 18, 2019 12:28 AM IST
വ​ട​ക​ര: പു​തി​യ സ്റ്റാ​ൻഡിൽ ന​ട​ത്തിയ ക​ലാ​സം​ഗ​മ​ത്തി​ൽ ര​ണ്ട് ചാ​ക്ക് അ​രി​യും ര​ണ്ടാ​യി​രം രൂ​പ​യും ന​ൽ​കി ആ​ക്രി​ക്കച്ച​വ​ട​ക്കാ​ര​ൻ മു​രു​ക​ൻ നാ​ടി​ന്‍റെ ഹൃ​ദ​യ​ത്തി​ൽ ഇ​ടം നേ​ടി. പു​തി​യ സ്റ്റാ​ൻഡിനു സ​മീ​പം ചീ​രാം​വീ​ട് ഭാ​ഗ​ത്ത് ആ​ക്രി​ക്ക​ച്ച​വ​ടം ന​ട​ത്തു​ന്ന തി​രു​ന​ൽ​വേ​ലി സ്വ​ദേ​ശി​ മു​രു​ക​ൻ പ്ര​ള​യ​ക്കെ​ടു​തി​ക്ക് ഇ​ര​യാ​യ​വ​രോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച് വ​ട​ക​ര​യി​ൽ ക​ലാ​സം​ഗ​മം ന​ട​ക്കു​ന്ന​ത​റി​ഞ്ഞാ​ണ് എ​ത്തി​യ​ത്. ഇദ്ദേഹം കൊ​ണ്ടുവ​ന്ന ര​ണ്ട് ചാ​ക്ക് അ​രി പാ​റ​ക്ക​ൽ അ​ബ്ദു​ള്ള എം​എ​ൽ​എ ഏ​റ്റു​വാ​ങ്ങി.

അ​രി ന​ൽ​കി​യ ശേ​ഷ​മാ​ണ് കീ​ശ​യി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടാ​യി​രം രൂ​പ കൂ​ടി കൈ​മാ​റി​യ​ത്. ഇ​ത്ത​ര​മൊ​രു ന​ല്ല കാ​ര്യ​ത്തി​നു ത​ന്‍റെ മു​ഴു​വ​ൻ സ​ന്പാ​ദ്യ​വും ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ മു​രു​ക​ൻ ര​ക്തം ന​ൽ​കാ​ൻ ത​യാ​റാ​ണെ​ന്നും അ​റി​യി​ച്ചു. മു​രുകന്‍റെ പ്ര​ഖ്യാ​പ​നം നി​റ​ഞ്ഞ ഹ​ർ​ഷാ​ര​വ​ത്തോ​ടെ​യാ​ണ് ജനം സ്വീ​ക​രി​ച്ച​ത്.

രാ​വി​ലെ രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ രാ​ത്രി ഒ​ന്പ​ത് വ​രെയാണ് കലാസംഗമം. ഇ​തു വ​ഴി ധ​ന, വി​ഭ​വ സ​മാ​ഹ​ര​ണ​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. സാ​മൂ​ഹ്യ, സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി ഒ​രു​ക്കി​യ​ത്. മ​ണ​ലി​ൽ മോ​ഹ​ന​നി​ൽ നി​ന്ന് ഒ​രു മാ​സ​ത്തെ പെ​ൻ​ഷ​ൻ തു​ക ഏ​റ്റു​വാ​ങ്ങി കെ. ​മു​ര​ളീ​ധ​ര​ൻ എം​പി ഉ​ദ്​ഘാ​ട​നം ചെ​യ്തു.