കാ​ർ​ഷി​ക​വൃ​ത്തി​യി​ലും മി​ക​വ് തെ​ളി​യി​ച്ച് അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ
Sunday, February 16, 2020 12:09 AM IST
മു​ക്കം: ദു​ര​ന്ത​മു​ഖ​ങ്ങ​ളി​ൽ പ​ത​റാ​തെ പ്ര​വ​ർ​ത്തി​ക്കാ​ൻ മാ​ത്ര​മ​ല്ല കാ​ർ​ഷി​ക മേ​ഖ​ല​യി​ലും ഒ​രു കൈ ​നോ​ക്കാ​ൻ ത​ങ്ങ​ൾ​ക്ക് സാ​ധി​ക്കു​മെ​ന്ന് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് മു​ക്കം അ​ഗ്നിശ​മ​ന സേ​നാം​ഗ​ങ്ങ​ൾ. ഫ​യ​ർ​സ്റ്റേ​ഷ​ൻ കെ​ട്ടി​ട​ത്തി​ന്‍റെ ടെ​റ​സി​ന്മു​ക​ളി​ൽ നി​ര​വ​ധി പ​ച്ച​ക്ക​റി​ക​ളാ​ണ് സേ​നാം​ഗ​ങ്ങ​ൾ കൃഷി ചെയ്യുന്നത്. വെ​ണ്ട, പ​യ​ർ, വ​ഴു​തി​ന, പ​ച്ച​മു​ള​ക്, കോ​ളി ഫ്ല​വ​ർ, കാ​ബേ​ജ് എ​ന്നി​വ​യെ​ല്ലാം ഗ്രോ​ബാ​ഗു​ക​ളി​ൽ വ​ള​രു​ക​യാ​ണി​വി​ടെ.

സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ജ​യ​പ്ര​കാ​ശി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ സ്റ്റേ​ഷ​നി​ലെ ജീ​വ​ന​ക്കാ​രാ​യ ജ​യ​റാം, പ​യ​സ് അ​ഗ​സ്റ്റി​ൻ എ​ന്നി​വ​രാ​ണ് കൃ​ഷി​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ​പ്പോ​ലെ ഈ ​വ​ർ​ഷ​വും മി​ക​ച്ച വി​ള​വ് ല​ഭി​ച്ചു. വി​ള​വെടു​ക്കു​ന്ന പ​ച്ച​ക്ക​റി​ക​ൾ സ്റ്റേ​ഷ​നി​ലെ അ​വ​ശ്യ​ത്തി​ന് ത​ന്നെ​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. 60 പേ​ർ​ക്ക് മൂ​ന്ന് മാ​സ​ത്തേ​ക്കു​ള്ള പ​ച്ച​ക്ക​റി​ക​ൾ ഇ​വി​ടെ നി​ന്ന് ല​ഭി​ക്കു​മെ​ന്ന് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ പ​റ​ഞ്ഞു.

കൃ​ഷി വ​കു​പ്പി​ന്‍റെ മി​ക​ച്ച പി​ന്തു​ണ​യും ഫ​യ​ർ​സ്റ്റേ​ഷ​ൻ അം​ഗ​ങ്ങ​ൾ​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്. പ​ച്ച​ക്ക​റി കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് മു​ക്കം ന​ഗ​ര​സ​ഭ കൃ​ഷി ഓ​ഫീ​സ​ർ പ്രി​യ മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​എ​സ്. ന​ളി​നി, ബി. ​സു​ബ്ര​മ​ണ്യ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.