കൽപ്പറ്റ: വയനാട്ടിൽ മഴ തുടരുന്നു. ജില്ലയുടെ ചില ഭാഗങ്ങളിൽ ശക്തമായ മഴയാണ് പെയ്യുന്നത്. ഇന്നലെ രാവിലെ എട്ടിനു അവസാനിച്ച 24 മണിക്കൂറിൽ ബാണാസുരയിലും ലക്കിടിയിലും മഴ കോരിച്ചൊരിഞ്ഞു. ബാണാസുര കണ്ട്രോൾ ഷാഫ്റ്റിൽ 385 ഉം ലക്കിടിയിൽ 245 ഉം മില്ലി മീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. തൊണ്ടർനാട്-230 മില്ലി മീറ്റർ, മട്ടിലയം-225, തിരുനെല്ലി- 107, പുത്തുമല-143, അന്പലവയൽ-57, കബനിഗിരി- 39, കൽപ്പറ്റ-86, പടമല-31, ചീരാൽ-72, തൊവരിമല-74, പൊർളോം-84, ബാണാസുര ഡാം സൈറ്റ്-101, മുണ്ടക്കൈ-174, ചെന്പ്ര-103, കുറിച്യർമല-144 മില്ലി മീറ്റർ എന്നിങ്ങനെയാണ് മറ്റിടങ്ങളിൽ മഴയളവ്.
ജലസമൃദ്ധമാണ് ജില്ലയിലെ പുഴകളും തോടുകളും. പനമരം, മാനന്തവാടി, കന്നാരം പുഴകളടക്കം കബനിയുടെ കൈവഴികളെല്ലാം നിറഞ്ഞൊഴുകയാണ്. നിരവിൽപുഴ ചില ഭാഗങ്ങളിൽ കരകവിഞ്ഞു. നിരവധി വാഴത്തോട്ടങ്ങൾ ഭാഗികമായി വെള്ളത്തിലായി. കോട്ടത്തറ-കോക്കുഴി റോഡിൽ വെള്ളം കയറി. ബാണാസുരസാഗർ അണയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ബ്ലു അലർട്ട് പ്രഖ്യാപിച്ചു. അണയിലെ അധിക ജലം പുറത്തേക്കു ഒഴുക്കുന്നതിനുള്ള ആദ്യഘട്ട മുന്നറിയിപ്പാണ് ബ്ലൂ അലർട്ട്. ഇന്നലെ രാവിലെ പത്തിനു 772.50 മീറ്ററാണ് അണയിൽ ജലനിരപ്പ്. 774 മീറ്ററാണ് അപ്പർ റൂൾ ലെവൽ. റിസർവോയറിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മെച്ചപ്പെട്ട മഴയാണ് പെയ്യുന്നത്.
എടുത്തുപറയത്തക്ക മഴക്കെടുതികൾ ജില്ലയിൽ ഇല്ല. അപകട സാധ്യതയുള്ള പ്രദേശങ്ങളിൽനിന്നു ആളുകളെ നേരത്തേ ദുരിതാശ്വാസ ക്യാന്പുകളിലേക്കു മാറ്റിയിരുന്നു. നിലവിൽ ജില്ലയിൽ 14 ദുരിതാശ്വാസ ക്യാന്പുകളിലായി 169 കുടുംബങ്ങളിലെ 630 പേരുണ്ട്. വൈത്തിരി താലൂക്കിൽ ആറു ക്യാന്പുകളിലായി 57 കുടുംബങ്ങളിലെ 183 ഉം മാനന്തവാടി താലൂക്കിൽ ഒരു ക്യാന്പിൽ 42 കുടുംബങ്ങളിലെ 182 ഉം സുൽത്താൻ ബത്തേരി താലൂക്കിൽ ഏഴു ക്യാന്പുകളിലായി 70 കുടുംബങ്ങളിലെ 265 ഉം ആളുകളാണ് കഴിയുന്നത്.