കൽപ്പറ്റ: ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു എൽഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി.കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും വന്യമൃഗ ഭീഷണി തടയുന്നതിനുമടക്കമുള്ള പദ്ധതികൾ പത്രികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാർഷികോത്പന്നങ്ങൾ സംഭരിച്ച് മൂല്യവർധിത ഉത്പന്നങ്ങളാക്കാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഫാക്ടറികൾ സ്ഥാപിക്കുമെന്നതാണ് പത്രികയിലെ വാഗ്ദാനങ്ങളിലൊന്ന്.അഞ്ചു വർഷത്തിനുള്ളിൽ കാടും നാടും വേർതിരിച്ച് വന്യമൃഗശല്യത്തിനു ശാശ്വത പരിഹാരം കാണുമെന്നും പത്രികയിൽ പറയുന്നു.
രണ്ട് ഏക്കറിൽ കുറയാതെ പുതുതായി കൃഷി ആരംഭിക്കുന്ന 40 വയസിൽ താഴെയുള്ളവർക്കു പ്രാഥമിക ചെലവുകളുടെ 50 ശതമാനം സബ്സിഡി,തരിശുനില കൃഷിക്ക് 50 ശ്തമാനം സബ്സിഡി, കർഷകരുടെ നിയമപോരാട്ടത്തിനു സൗജന്യ നിയമ സഹായ സെൽ,തനത് നെൽവിത്തുകളുടെ സംരക്ഷണത്തിനു തദ്ദേശീയ വിത്തുബാങ്ക്, പരന്പരാഗത നെല്ലുത്പന്നങ്ങളുടെ ബ്രാൻഡ് ചെയ്തുള്ള വിപണനം,നെൽക്കൃഷി ഹെക്ടറിനു 30,000 രൂപ സഹായം, നെൽക്കൃഷിക്കും പച്ചക്കറിക്കൃഷിക്കും പലിശ രഹിത വായ്പ,മുഴുവൻ കൃഷിയിടങ്ങളിലും ജലസേചന സൗകര്യം, കർഷകത്തൊഴിലാളി ബാങ്ക്,
തോട്ടം തൊഴിലാളികൾക്ക് ഫ്ളാറ്റ് സമുച്ചയം,ലൈബ്രറി,കളിസ്ഥലം, എസ്എസ്എൽസി, പ്ലസ്ടു വിജയശതമാനം ഉയർത്തുന്നതിന് വിജയവീഥി പദ്ധതി, ഹൈസ്കൂൾ മുതൽ ക്ലാസുകളിലെ മുഴുവൻ ആദിവാസി-ദളിത് വിദ്യാർഥികൾക്കു സൗജന്യ ടാബ്ലറ്റ്,ആദിവാസി വിദ്യാർഥികൾക്ക് ഹൈടെക്ക് പഠനവീട്, കാൻസർ രോഗികൾക്ക് സൗജന്യ എ സി ബസ്, ട്രെയിൻ ടിക്കറ്റ്, ജില്ലാ ആശുപത്രിയിൽ യൂറോളജി,കാർഡിയോളജി,ന്യൂറോളജി സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങൾ, ജില്ലാ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും മൂന്നു നേരം സൗജന്യ പോഷകാഹാരം,എല്ലാ പഞ്ചായത്തുകളിലും ഓപ്പണ്‍ എയർ ഫിറ്റ്നെസ് സെന്റർ, അരിവാൾ രോഗികൾക്കു പ്രത്യേക പദ്ധതി തുടങ്ങിയവ പത്രികയിലെ മറ്റു വാഗ്ദാനങ്ങളാണ്. സ്ത്രീകൾ,കുട്ടികൾ,വയോധികർ,ഭിന്നശേഷിക്കാർ,ലൈംഗിക ന്യൂനപക്ഷങ്ങൾ എന്നിവരുടെ ക്ഷേമം ഉറപ്പുവരുത്തുമെന്നു പത്രികയിൽ പറയുന്നു.
സിപിഎം കേന്ദ്ര സമിതിയംഗം പി.കെ. ശ്രീമതി പത്രിക പ്രകാശനം ചെയ്തു.സിപിഐ ജില്ലാ സെക്രട്ടറി വിജയൻ ചെറുകര അധ്യക്ഷത വഹിച്ചു.സിപിഎം ജില്ലാ സെക്രട്ടറി പി. ഗഗാറിൻ, കേരള കോണ്‍ഗ്രസ്-എം ജില്ലാ പ്രസിഡന്റ് കെ.ജെ. ദേവസ്യ, എൽഡിഎഫ് നേതാക്കളായ സി.എം. ശിവരാമൻ,കുര്യാക്കോസ് മുള്ളൻമട, കെ.പി. ശശികുമാർ,എ.പി. അഹമ്മദ് എന്നിവർ പ്രസംഗിച്ചു.എൽഡിഎഫ് ജില്ലാ കണ്‍വീനർ കെ.വി. മോഹനൻ സ്വാഗതവും എൽജെഡി ജില്ലാ പ്രസിഡന്റ് വി.പി. വർക്കി നന്ദിയും പറഞ്ഞു.16 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെയും സ്ഥാനാർഥികൾ പങ്കെടുത്തു.