കാസർഗോഡ്: കർണാടക വനത്തിൽ നിന്നും പയസ്വിനി പുഴ നീന്തിക്കടന്ന് നാടുകയറി കാർഷിക വിളകൾ നശിപ്പിക്കുന്ന കാട്ടാനയുടെ ഭീഷണി നേരിടുന്ന മലയോരത്തെ കർഷക കുടുംബങ്ങളെ ആശ്വസിപ്പിക്കാൻ വനം വകുപ്പ് കൈകാര്യം ചെയ്യുന്ന എൻസിപിയുടെ പ്രതിനിധി സംഘം കർഷകരുടെ വീടുകൾ സന്ദർശിച്ചു. മൂന്നു മാസങ്ങളായി കൊമ്പനാനയുടെയും മറ്റ് രണ്ടാനകളുടെയും ശല്യം രൂക്ഷമായ മുളിയാർ റിസർവ് വനത്തിന് സമീപം താമസിക്കുന്ന കുടുംബങ്ങളുടെ ദുരിതം നേരിട്ടറിയാനും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം ഉണ്ടാക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് എൻസിപി ജില്ലാ ഭാരവാഹികൾ അടങ്ങിയ സംഘം കർഷകരെ കാണാനെത്തിയത്. കൊമ്പൻ ഇറങ്ങി കാർഷിക വിളകൾ നശിപ്പിച്ച ഇരിയണ്ണി തീയടുക്കം, അരിയിൽ, ചെറ്റത്തോട്, ദർഘാസ്, വളപ്പാറ തുടങ്ങിയ സ്ഥലങ്ങളിൽ എത്തിയ സംഘം ആന നശിപ്പിച്ച തോട്ടങ്ങൾ സന്ദർശിക്കുകയും കർഷകരുമായി സംസാരിക്കുകയും ചെയ്തു. ആനക്കാര്യം വാട്സ്ആപ് കൂട്ടായ്മ കൺവീനറും മുൻ പഞ്ചായത്ത് മെമ്പറുമായ പ്രഭാകരൻ, കൃഷ്ണൻ നായർ, ഗോപാലകൃഷ്ണൻ, പുഷ്പ എന്നിവർ ദുരിതങ്ങൾ വിവരിച്ചു. എൻസിപി ജില്ലാ വൈസ് പ്രസിഡന്റ് ഒ. കെ ബാലകൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറി ജോൺ ഐമൺ, എൻ ഒബിസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.വി സുകുമാരൻ, എൻ വൈ.സി ജില്ലാ പ്രസിഡന്റ് സി.വി വസന്തകുമാർ, ഉദുമ ബ്ലോക്ക് പ്രസിഡന്റ് ടി. മത്തായി, ഷെഫീഖ് ഷംനാട്. സതീശൻ പുതുച്ചേരി, ഇ.ചന്ദ്രൻ, എം. മനോജ് കുമാർ, കെ.അഖിൽ തുടങ്ങിയവർ സംഘത്തിൽ ഉണ്ടായിരുന്നു. തുടർന്ന് കാസർഗോഡ് ഡിഎഫ്ഒ പി. ബിജു, മുളിയാർ ഫോറസ്റ്റ് ഓഫീസർ എൻ.വി സത്യൻ എന്നിവരുമായി സ്ഥിതിഗതികൾ ചർച്ച ചെയ്തു.