കൊല്ലം: കഴിഞ്ഞ ദിവസം മുതൽ ശക്തമായി പെയ്യുന്ന മഴയിൽ ജില്ലയിൽ വ്യാപകമായി വീടുകൾക്കും കൃഷിയ്ക്കും നാശം. കിഴക്കൻ മേഖലയിലാണ് കൃഷിയ്ക്ക് വ്യാപകമായ നാശം സംഭവിച്ചത്.
പത്തനാപുരം, കുളത്തൂപ്പുഴ, പട്ടാഴി, പുനലൂർ, കടയ്ക്കൽ, കൊട്ടാരക്കര, പുത്തൂർ തുടങ്ങിയ സ്ഥലങ്ങളിൽ മഴയിൽ കൃഷിക്ക് നാശമുണ്ടായി. ഇത്തിക്കരയാറും കല്ലടയാറും കരകവിഞ്ഞു ഒഴുകിത്തുടങ്ങി. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലായി. ഒട്ടേറെ വീടുകൾ ഭാഗീകമായി തകർന്നു.
️ വിളക്കുടി വില്ലേജിൽ 2 വാർഡിൽ ഒരു വീടിന് ഭാഗിക നാശനഷ്ടം. 25000 രൂപ നഷ്ടം.
പത്തനാപുരം വില്ലേജിൽ ഒരു വീടിന് ഭാഗികമായ നാശനഷ്ടം സംഭവിച്ചു. 15000 രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്.
പത്തനാപുരം - കുന്നിക്കോട് റോഡിൽ ആവണീശ്വരത്ത് റോഡിന് കുറുകെ മരം കടപുഴകി വീണ് ഗതാഗത തടസം ഉണ്ടായിട്ടുണ്ട്. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഉൾപ്പെടെ സ്ഥലത്തെത്തി മരം മുറിച്ചുമാറ്റി.
കുന്നത്തൂർ താലൂക്കിൽ മഴയിൽ പോരുവഴി വില്ലേജിൽ രണ്ടു വീടും മൈനാഗപ്പള്ളി വില്ലേജിൽ മൂന്ന് വീടും ഭാഗികമായി തകർന്നു. ഏകദേശ നഷ്ടം 120000- രൂപയാണ്.
നെടുമ്പന വില്ലേജിൽ വീടിന് മുകളിലേയ്ക്ക് മരം വീണ് 5000 രൂപയുടെ നാശനഷ്ടം ഉണ്ടായി. ഈ വില്ലേജിൽ തന്നെ മറ്റൊരു വീടിന് ഭാഗീകമായി നാശനഷ്ടം ഉണ്ടായി. 50000 രൂപയുടെ നഷ്ടം ഉള്ളതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ചവറ: മഴ കനത്തതോടെ പന്മന കോലം വാർഡിലെ 30 തോളം കുടുംബങ്ങൾ വെള്ളക്കെട്ടിൽ. ഓടകൾ വൃത്തിയാക്കാതെ വന്നതോടെയാണ് കോലം കണിയാന്റയ്യത്ത്, കണ്ണമംഗലത്ത് ഭാഗങ്ങളിലായി താമസിക്കുന്ന 30 -തോളം കുടുംബങ്ങൾ വെള്ളക്കെട്ടിലായത്. ഇതൊടെ ഭക്ഷണം പാകം ചെയ്യാനും, പ്രാഥമിക കാര്യങ്ങൾ നടത്തുന്നതിനും കഴിയാതെ വലയുകയാണിവർ.
പ്രായമേറിയവർ, സ്ത്രീകൾ, കുട്ടികൾ, അസുഖമുള്ളവരും മറ്റും ആവശ്യങ്ങൾക്കായി പുറത്തിറങ്ങാൻ കഴിയാതെ ബുദ്ധിമുട്ടിലായിരിക്കുകയാണ്. മഴ ശക്തമാകുന്നതോടെ ഈ കുടുംബങ്ങൾ പൂർണമായും വെള്ളക്കെട്ടിലാകും. അതിനാൽ അടിയന്തരമായി ഇവിടങ്ങളിലെ അടഞ്ഞ ഓടകൾ വൃത്തിയാക്കി വെള്ളം പോകുന്നതിനുള്ള സൗകര്യമുണ്ടാക്കാൻ അധികൃതർ വേണ്ട നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
മഴയെ തുടർന്ന് ചവറ, തേവലക്കര, നീണ്ടകര പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് ഉണ്ടായിട്ടുണ്ട്. പല റോഡുകളിലും ഗതാഗതം ദുസഹമായിരിക്കുകയാണ്. പല സ്ഥലങ്ങളിലും ഓടകളിലൂടെ വെള്ളം ഒഴുകി പോകാതെ കെട്ടി കിടക്കുന്നതും, മാലിന്യങ്ങൾ നിറഞ്ഞ് കിടക്കുന്നതിനാലും പകർച്ചവ്യാധികൾ പടരുമെന്ന ആശങ്കയും പ്രദേശവാസികൾക്കുണ്ട്.
പത്തനാപുരം: രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയിൽ കിഴക്കൻ മേഖലയിൽ വ്യാപക നാശനഷ്ടം. മിക്ക ഇടങ്ങളിലും കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായി.
ആവണീശ്വരത്ത് വൻമരം കടപുഴകി വീണ് ഗതാഗതം തടസപെട്ടു. രണ്ട് വീടുകളും ഭാഗികമായി തകർന്നു. പത്തനാപുരം മൃഗാശുപത്രിയ്ക്കു സമീപം മുല്ലപ്പറമ്പിൽ അമീർ ഹംസയുടെ വീട് മഴയിൽ പൂർണമായും തകർന്നു വീണു. ശബ്ദം കേട്ട് വീട്ടുകാർ ഓടി രക്ഷപ്പെട്ടതിനാൽ ആളപായം ഉണ്ടായില്ല.
കുന്നിക്കോട് കുരാംകോട് ഒരു വീട് ഭാഗികമായി തകർന്നു. ആവണീശ്വരത്ത് റെയിൽവേ ഭൂമിയിൽനിന്ന് കൂറ്റൻ വാക മരം ആണ് ഇന്നലെ പുലർച്ചയോടെ വാളകം പത്തനാപുരം ശബരി ബൈപാസിന് കുറുകെ കുറുകെ കടപുഴകി വീണത്. മരംവീണ് സമീപത്തെ വ്യാപാര സ്ഥാപനത്തിന് കേടുപാടുകൾ സംഭവിക്കുകയും, വൈദ്യുത കമ്പികൾ തകരുകയും ചെയ്തു.
ഇതോടെ പാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെടുകയും ചെയ്തു. നെടുവന്നൂർ യിൽ നിന്നും ഫയർഫോഴ്സ് എത്തി മണിക്കൂറുകൾ നീണ്ട പ്രയത്നത്തിന് ഒടുവിലാണ് മരം മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. പാതിരിക്കൽ, മഞ്ചള്ളൂർ മുതലായ പ്രദേശങ്ങളിൽ വെള്ളം കയറുകയും ചെയ്തു.
അഞ്ചല്‍: കഴിഞ്ഞ ദിവസം തുടങ്ങിയ കനത്ത മഴ കിഴക്കന്‍ മേഖലയില്‍ ശമനമില്ലാതെ തുടരുകയാണ്. എന്നാല്‍ കാര്യമായ നാശനഷ്ടങ്ങളോ ആളപായമോ എങ്ങും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഏരൂര്‍ ഗ്രാമപഞ്ചായത്തില്‍ ഒരുവീട് മഴയില്‍ തകര്‍ന്നു. മരുതിവിള വീട്ടില്‍ വത്സലയുടെ വീടാണ് തകര്‍ന്നത്. മുമ്പ് തന്നെ വീട് തകര്‍ച്ച ഭീഷണിയായതിനാല്‍ മഴ കനത്തതോടെ വത്സല ബന്ധുവീട്ടിലേക്ക് മാറിയിരുന്നു. ഇതിനാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. വാര്‍ഡ് അംഗം ഷൈന്‍ ബാബുവിന്റെ നേതൃത്വത്തില്‍ അധികൃതര്‍ സ്ഥലത്ത് എത്തി.
വില്ലേജ് അധികൃതരെ വിവരം അറിയിച്ചു അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഷൈന്‍ബാബു പറഞ്ഞു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പുനലൂര്‍ താലൂക്കില്‍ കണ്ട്രോള് റൂം തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. റവന്യു, പഞ്ചായത്ത്, പോലീസ്, അഗ്നിശമന സേന എന്നീ വിഭാഗങ്ങള്‍ക്ക് അടിയന്തിര സാഹചര്യം നേരിടാന്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പുനലൂർ: കിഴക്കൻ മേഖലയിൽ കനത്ത മഴ. വ്യാപക നാശനഷ്ടം. പുനലൂർ താലൂക്കിന്റെ പല ഭാഗങ്ങളിലായി അഞ്ചു വീടുകൾക്ക് ഭാഗികമായ നാശനഷ്ടമുണ്ടായി.
കരവാളൂരിൽ വീടിന്റെ സംരക്ഷണഭിത്തി പൂർണമായും തകർന്ന് റോഡിലേക്ക് പതിച്ചു. കരവാളൂർ പഞ്ചായത്തിലെ മാത്ര മൂട്ടറമുക്ക് വരയടി കോണത്ത് വീട്ടിൽ രതീഷിന്റെ വീടിനോടു ചേർന്നുള്ള സംരക്ഷണഭിത്തിയാണ് പൂർണമായും തകർന്ന് റോഡിലേക്ക് പതിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം പെയ്ത കനത്ത മഴയെ തുടർന്നാണ് കരിങ്കൽ ഭിത്തി തകർന്നത്. റോഡിൽ നിന്നും 10 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന വീടിന് സംരക്ഷണം ഒരുക്കുന്നതിനു വേണ്ടിയാണ് പത്തടി ഉയരവും 30 അടിയോളം നീളമുള്ള കരിങ്കൽ ഭിത്തി നിർമിച്ചിരുന്നത്.
രണ്ടുവർഷം മുമ്പ് നിർമിച്ച ഈ കരിങ്കൽ ഭിത്തിയോട് ചേർന്ന് ഏതാനും നാളുകൾക്കു മുമ്പ് പഞ്ചായത്തിലെ കുടിവെള്ള പദ്ധതിക്കായി പൈപ്പിടുന്നതിന് വേണ്ടി അശാസ്ത്രീയമായി റോഡിന്റെ സൈഡ് കുഴിച്ചതാണ് ഭിത്തി തകരാൻ കാരണമായി പറയപ്പെടുന്നത്.
പൈപ്പിടുന്നതിനുവേണ്ടി കരിങ്കൽ ഭിത്തിയോട് ചേർത്ത് ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റിയപ്പോൾ തന്നെ കരിങ്കൽ ഭിത്തിയിൽ വിള്ളലുകൾ വീണിരുന്നു. ഇത് ചൂണ്ടിക്കാട്ടി വീട്ടുകാർ പഞ്ചായത്ത് അധികൃതർക്കും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്കും പരാതി നൽകി.
അതിനെത്തുടർന്ന് കുറച്ചുദിവസം പണി നിർത്തി വയ്ക്കുകയും അറ്റകുറ്റപ്പണികൾ ചെയ്തു നൽകാമെന്ന് ഉറപ്പിന്മേൽ വീണ്ടും പൈപ്പിടൽ തുടരുകയായിരുന്നു. എന്നാൽ രണ്ടു മാസത്തിനു ശേഷവും അധികൃതർ വിള്ളൽ വീണ കരിങ്കൽ ഭിത്തി അറ്റകുറ്റപ്പണികൾ നടത്താൻ തയാറാകാതെ ഇരുന്നതാണ് ഭിത്തി പൂർണമായും തകരാൻ ഇപ്പോൾ കാരണമായിട്ടുള്ളത്.
10 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന വീടിന്റെ ഫൗണ്ടേഷൻ വരെയുള്ള മണ്ണും കല്ലും ഇളകി റോഡിൽ പതിച്ചതിനാൽ വീടിന്റെ സുരക്ഷിതത്വം ഉറപ്പില്ലാത്ത നിലയിലാണ്. ചുമട്ടുതൊഴിലാളിയായ രതീഷിന്റെ സംരക്ഷണയിൽ കഴിയുന്ന ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്നതാണ് കുടുംബം.
മരങ്ങൾ കടപുഴകി വീണ് ചില വീടുകൾക്ക് നാശനഷ്ടവുമുണ്ടായി. വ്യാപകമായ കൃഷിനാശവും സംഭവിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും ചെയ്തു. കല്ലടയാറ്റിൽ ജലനിരപ്പുമുയർന്നു.
കുണ്ടറ: പെരുമ്പുഴയിൽ കനത്ത മഴയിൽ വൻമരം കടപുഴകി വീണു. കൊട്ടിയം റോഡിൽ ഷാപ്പ്മുക്ക് ജംഗ്ഷന് സമീപം നിന്നിരുന്ന മരമാണ് റോഡിന് കുറുകെ വീണത്. ഗതാഗതം ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. കുണ്ടറ അഗ്നി സുരക്ഷ സേന എത്തി മരം മുറിച്ചു മാറ്റി.
കരുനാഗപ്പള്ളി: കനത്ത മഴയെത്തുടർന്ന് തീരപ്രദേശങ്ങൾ വെള്ളക്കെട്ടിലായി.
കരുനാഗപ്പള്ളി അയണിവേലിക്കുളങ്ങര ക്ലാപ്പന കുലശേഖരപുരം തൊടിയൂർ എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലാണ് വെള്ളക്കെട്ടിലായത്. ഇടറോഡുകൾ മിക്കവയും വെള്ളത്തിലായി.
ആവശ്യത്തിന് ഒാടയില്ലാത്തതും ഉള്ളവ അറ്റകുറ്റപണി നടത്താത്തതു മൂലവുമാണ് റോഡുകൾ വെള്ളക്കെട്ടിലായത്. നിരവധി മരങ്ങൾ കടപുഴകി വീണു വൻ നാശനഷ്ടങ്ങൾ ഉണ്ടായി. വാഴ കൃഷിയാണ് ഏറ്റവും കൂടുതൽ നാശനഷ്ടം ഉണ്ടായത്.
തൊടിയൂർ 6-ാം വാർഡിൽ ഷാജി മൻസിലിൽ ഷാജിയുടെ വീടിനു മുകളിൽ മരം വീണ് ഉദ്ദേശം ഇരുപതിനായിരം രൂപയുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. അധികൃതർ എത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു വരുന്നു.