പത്തനംതിട്ട: വണ്‍ ഇന്ത്യ വണ്‍പെന്‍ഷന്‍ എന്ന ലക്ഷ്യത്തോടെ ആരംഭിച്ചിട്ടുള്ള ഒഐഒപി മൂവ്മെന്റ് ജില്ലയിലെ ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും 13 സ്വതന്ത്ര സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് റാന്നി മണ്ഡലത്തില്‍ തോമസ് മാത്യു (ബെന്നി പുത്തന്‍പറമ്പില്‍) വിനെ പിന്തുണയ്ക്കും.
തിരുവല്ല നഗരസഭയില്‍ ചെറിയാന് വര്‍ഗീസ് (വാര്‍ഡ് ഏഴ്), പി.വി. വര്‍ഗീസ് (11), ഏലിയാമ്മ ഐപ്പ് (3),റോയി വര്‍ഗീസ് (37), സജു കോശി വര്‍ഗീസ് (15), രോഹിണി വര്‍ഗീസ് (34), കുന്നന്താനം ഗ്രാമപഞ്ചായത്തില്‍ പി. ഫിലിപ്പ് (എട്ട്), നാന്‍സി റോബിന് (12), മല്ലപ്പള്ളി ഗ്രാമപഞ്ചായത്തില്‍ ഇസ്മയില്‍ റാവുത്തര്‍ (8), പി.പി. ശിവാനന്ദന് (10), നിരണം ഗ്രാമപഞ്ചായത്തില്‍ പി.ജെ. കുരുവിള (11), കുളനട ഗ്രാമപഞ്ചായത്തില്‍ എന്‍.ജി. സണ്ണി (5) എന്നിവരെയുമാണ് സംഘടന പിന്തുണയ്ക്കുന്നത്.
സ്വതന്ത്ര നിലപാട് എടുത്തിട്ടുള്ള സംഘടന മറ്റു സ്ഥലങ്ങളില്‍ മനഃസാക്ഷിക്കനുസൃതമായി വോട്ടു ചെയ്യാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. തങ്ങളുടെ സംഘടനയില്‍ അംഗമായവരുള്പ്പെടെയുള്ളവരെയാണ് പിന്തുണയ്ക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.
60 വയസ് കഴിഞ്ഞ എല്ലാവര്‍ക്ക് 10,000 രൂപ പെന്ഷന് എന്ന ലക്ഷ്യത്തോടെയുള്ള സംഘടനാ പ്രവര്‍ത്തനങ്ങള്‍ പത്തനംതിട്ട ജില്ലയില്‍ അതിശക്തമായി മുന്നോട്ടു പോകുകയാണ്. ജനാധിപത്യം സൊസൈറ്റി രജിസ്ട്രേഷനോടുകൂടിയാണ് സംസ്ഥാനാടിസ്ഥാനത്തില്‍ സംഘടന പ്രവര്‍ത്തിക്കുന്നത്.
സംഘടനയുടെ പേരും ചിഹ്്നവും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇതര പ്രസ്ഥാനങ്ങള്‍ ജനങ്ങളുടെയിടയില്‍ അഭ്യൂഹങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. സംഘടനാപരമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ ഓഫീസ് ഉടന്‍ ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എന്‍. രാധാകൃഷ്ണന്, സെക്രട്ടറി ജേക്കബ് തോമസ്, ട്രഷറാര്‍ ജോര്‍ജ് വര്‍ഗീസ്, റാന്നി നിയോജക മണ്ഡലം പ്രസിഡന്റ് റെന്നി മാത്യു എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.