കോ​വി​ഡ് പ​രി​ശോ​ധ​നാ കാ​മ്പെ​യ്ന്‍: ര​ണ്ടാം ദി​വ​സം 8179 പേ​രെ പ​രി​ശോ​ധി​ച്ചു‌
Saturday, April 17, 2021 10:41 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് തീ​വ്ര വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ സം​ഘ​ടി​പ്പി​ച്ച കാ​മ്പെ​യ്‌​ന്‍റെ ര​ണ്ടാം ദി​വ​സം 8179 പേ​ര്‍ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​യി. ഇ​തി​ല്‍ 5146 പേ​ര്‍ സ​ര്‍​ക്കാ​ര്‍ കേ​ന്ദ്ര​ങ്ങ​ളി​ലും 3033 പേ​ര്‍ സ്വ​കാ​ര്യ കേ​ന്ദ്ര​ങ്ങ​ളി​ലു​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​തോ​ടെ ര​ണ്ടു ദി​വ​സ​ത്തെ കാ​മ്പെ​യ്‌​നി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​വ​രു​ടെ എ​ണ്ണം 15988 ആ​യി.

ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ലാ​യി 10000 സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടി​ട​ത്ത് 15988 പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്താ​ന്‍ ക​ഴി​ഞ്ഞു.

ര​ണ്ട് ദി​വ​സം നീ​ണ്ടു നി​ന്ന കാ​മ്പെ​യ്‌​നി​ലൂ​ടെ കൂ​ടു​ത​ല്‍ രോ​ഗി​ക​ളെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞ​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​എ.​എ​ല്‍ ഷീ​ജ പ​റ​ഞ്ഞു. രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ പെ​ട്ടെ​ന്നു​ണ്ടാ​യ വ​ര്‍​ധ​ന ഇ​തി​ന്‍റെ സൂ​ച​ന​യാ​ണ്. വൈ​റ​സ് ബാ​ധ​യു​ള​ള​വ​രെ നേ​ര​ത്തെ ക​ണ്ടെ​ത്തി ക്വാ​റ​ന്റൈ​നി​ലാ​ക്കു​ന്ന​തി​ലൂ​ടെ രോ​ഗ​വ്യാ​പ​നം ത​ട​യു​ക എ​ന്ന​താ​യി​രു​ന്നു കാ​മ്പെ​യ്‌​ന്‍റെ ല​ക്ഷ്യം.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രു​ന്ന​വ​രും, തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, തി​ര​ക്കു​ള​ള സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ഇ​ട​പ​ഴ​കി​യ​വ​ര്‍, രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ള​ള​വ​ര്‍, രോ​ഗി​ക​ളു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ല്‍ വ​ന്ന​വ​ര്‍ തു​ട​ങ്ങി രോ​ഗ​ബാ​ധി​ത​രാ​കാ​ന്‍ സാ​ധ്യ​ത​യു​ള​ള എ​ല്ലാ​വ​രും തു​ട​ര്‍​ന്നു​ള​ള ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​യ്ക്ക് സ​ന്ന​ദ്ധ​രാ​ക​ണ​മെ​ന്ന് ഡി​എം​ഒ അ​ഭ്യ​ര്‍​ഥി​ച്ചു.‌