പത്തനംതിട്ട: കന്നുകാലികള്‍ക്കുള്ള ഏറ്റവും നൂതന തിരിച്ചറിയല്‍ മാര്‍ഗമായ റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ (ആര്‍എഫ്ഐഡി) മൈക്രോചിപ്പിംഗ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 30ന് ഓമല്ലൂരിൽ നടക്കും.
രാവിലെ 10.30ന് ഓമല്ലൂര്‍ എജിറ്റി ഓഡിറ്റോറിയത്തില്‍ ചേരുന്ന യോഗത്തിൽ മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം നിര്‍വഹിക്കും. സംസ്ഥാന സര്‍ക്കാരിന്റെ കേരള പുനര്‍നിര്‍മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയുടെ സാങ്കേതിക സഹായത്തോടെ മൃഗസംരക്ഷണ വകുപ്പാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. കെ. അജിലാസ്റ്റ് പത്രസമ്മേളനത്തിൽ പറഞ്ഞു. മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ മുഖ്യ പ്രഭാഷണം നടത്തും. മൃഗസംരക്ഷണ ജോയിന്റ് ഡയറക്ടര്‍ ഡോ. ഇ.ജി. പ്രേം ജെയിന് പദ്ധതി വിശദീകരണവും ഹ്രസ്വ വീഡിയോ പ്രദര്‍ശനവും നടത്തും.
ആന്റോ ആന്റണി എംപി, എംഎല്‍എമാരായ മാത്യു ടി. തോമസ്, കെ.യു. ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്, കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ്, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ്, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അധ്യക്ഷർ, മെംബർമാർ മൃഗസംരക്ഷണ വകുപ്പുദ്യോഗസ്ഥർ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിക്കും.
മൃഗസംരക്ഷണ വകുപ്പ് സാങ്കേതിക വിഭാഗം ജീവനക്കാര്‍ക്ക് സ്കോപ്പ് ആൻഡ് റീച്ച് ഓഫ് ഇ-സമുദ്ര എന്ന വിഷയത്തില്‍ തുടർന്ന് സെമിനാര്‍ ഉണ്ടാകും. ജില്ലാ എപ്പിഡമോളജിസ്റ്റ് ഡോ. എം.ജി. ജാന്‍കിദാസ് മോഡറേറ്റര്‍ ആയിരിക്കും.
സ്വാഗതസംഘം ചെയർമാൻ ഓമല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാൽ, ഡോ. തോമസ് ജേക്കബ്, ഡോ. എം.ജി. ജാൻകിദാസ്, ഡോ. എബി കെ. ഏബ്രഹാം, ഡോ. സുബെയ്ൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
പ്ലാസ്റ്റിക് ടാഗുകൾ മാറും, ഇനി 15 അക്ക തിരിച്ചറിയൽ നന്പർ
നിലവില്‍ കന്നുകാലികളെ തിരിച്ചറിയുന്നതിനായി പ്ലാസ്റ്റിക് ടാഗുകള്‍ ആണ് ഉപയോഗിക്കുന്നത്. ഇതിന് പകരമായി നടപ്പാക്കാന്‍ പോകുന്ന പുതിയ തിരിച്ചറിയല്‍ സംവിധാനമാണ് ആര്‍എഫ്ഐഡി അഥവാ മൈക്രോ ചിപ്പ് ടാഗിംഗ്.
12 മില്ലിമീറ്റര്‍ നീളവും രണ്ട് മില്ലിമീറ്റര്‍ വ്യാസവും ഉള്ള ബയോകോംപാറ്റബിള്‍ ഗ്ലാസ് കൊണ്ട് നിര്‍മിച്ചിരിക്കുന്ന മൈക്രോ ചിപ്പ് മൃഗങ്ങളുടെ തൊലിക്കടിയില്‍ നിക്ഷേപിക്കാവുന്നതും യാതൊരുവിധ പ്രത്യാഘാതവും ഉണ്ടാക്കാത്തതിനാല്‍ ഒരു ദിവസം പ്രായമായ മൃഗങ്ങളിലും ഇത് ഘടിപ്പിക്കാവുന്നതുമാണ്. ഇതില്‍ രേഖപ്പെടുത്തിയിട്ടുള്ള 15 അക്ക തിരിച്ചറിയല്‍ നമ്പര്‍ മനസിലാക്കാന്‍ പ്രത്യേക മൈക്രോ ചിപ്പ് റീഡര്‍ ഉപയോഗിക്കും.
പുതുതായി ആവിഷ്കരിക്കുന്ന സോഫറ്റ് വെയര്‍ ആപ്ലിക്കേഷന്‍ വഴി ഇ-സമൃദ്ധ സോഫറ്റ് വെയറില്‍ നന്പർ എത്തുകയും വിവരങ്ങള്‍ കര്‍ഷകര്‍ക്കും സാങ്കേതിക ഉദ്യോഗസ്ഥര്‍ക്കും ലഭ്യമാകും. കന്നുകാലിയെ സംബന്ധിക്കുന്ന പൂർണ വിവരങ്ങൾ ചിപ്പിൽ ഉള്ളടക്കം ചെയ്തിരിക്കും.
സംസ്ഥാനത്തുടനീളമുള്ള കൃഷിക്കാരുടെയും അവരുടെ മൃഗങ്ങളുടെയും വിവരങ്ങള്‍ ശേഖരിക്കുന്നതിനും ഓരോ മൃഗങ്ങളെ തിരിച്ചറിയുന്നതിനുമായാണ് ഇ-സമൃദ്ധ പദ്ധതി നടപ്പാക്കാന്‍ മൃഗസംരക്ഷണ വകുപ്പ് തീരുമാനിച്ചത്.
സംസ്ഥാനത്ത് ആദ്യമായി പത്തനംതിട്ട ജില്ലയിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി 7.52 കോടി രൂപ കേരള പുനര്‍നിര്‍മാണ പദ്ധതിയിലൂടെ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഇന്ത്യയിലാദ്യമായാണ് ഇത്തരത്തില്‍ ഒരു സമഗ്രമായ ഡിജിറ്റല്‍ സംവിധാനം മൃഗസംരക്ഷണമേഖലയില്‍ ഒരു സര്‍ക്കാര്‍ വകുപ്പ് നടപ്പാക്കുന്നത്. പദ്ധതിയുടെ നടത്തിപ്പ് ചുമതല കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റിക്കാണ്.
ഭാവിയിൽ കാലാവസ്ഥമാറ്റം തുടങ്ങിയ വിവരങ്ങളടക്കം കർഷകർക്കു ലഭ്യമാക്കാൻ പദ്ധതി ലക്ഷ്യമിടുന്നു. കന്നുകാലികളെ കൈമാറ്റം ചെയ്യുന്പോൾ മൃഗസംരക്ഷണവകുപ്പിലും അറിയിക്കണം.