മാന്നാർ: സംസ്ഥാനത്തെ ആദ്യ സ്പീക്കർ ശങ്കരനാരാണൻ തന്പിയെ നിയമസഭയിൽ എത്തിച്ച മണ്ഡലം എന്ന ഖ്യാതിയാണ് ചെങ്ങന്നൂർ മണ്ഡലത്തിന് എന്നുമുള്ളത്. 1957ൽ നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ ചെങ്ങന്നൂരിൽനിന്നും സിപിഐയുടെ സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചാണ് ശങ്കരനാരായണൻ തന്പി നിയമസഭയിലെത്തിയത്. പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളിൽ 1967ലും തുടർന്ന് 1970ലും സിപിഎമ്മിലെ പി.ജി. പുരുഷോത്തമൻപിള്ളയെ നിയമസഭയിൽ എത്തിച്ചു.
1987ൽ മാമ്മൻ ഐപ്പ് കോണ്ഗ്രസ് എസിൽ നിന്നും വിജയിച്ചതാണ് എൽഡിഎഫിന്റെ അവസാന അക്കൗണ്ടിൽ ഉണ്ടായിരുന്നത്. തുടർന്ന് ശോഭനാജോർജും പി.സി. വിഷ്ണുനാഥും ചേർന്ന് കോണ്ഗ്രസിനു വേണ്ടി കാൽ നൂറ്റാണ്ടോളം മണ്ഡലം നിലനിർത്തി. 2016ലെ പൊതു തെരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ മത്സരത്തിൽ സിപിഎമ്മിലെ അഡ്വ. കെ.കെ. രാമചന്ദ്രൻ നായർ മണ്ഡലത്തിൽ വെന്നിക്കൊടി പാറിച്ചു. ഏകദേശം അരനൂറ്റാണ്ടിനോടടുത്ത മത്സരത്തിനൊടുവിലാണ് ചെങ്ങന്നൂരിൽ ചെങ്കൊടി പാറിയത്.
രാമചന്ദ്രന്റെ നിര്യാണത്തെ തുടർന്ന് 2018ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ റിക്കാർഡ് ഭൂരിപക്ഷത്തിൽ സിപിഎമ്മിലെ സജി ചെറിയാൻ മണ്ഡലം നിലനിർത്തി. വീണ്ടും തെരഞ്ഞെടുപ്പിന്റെ കാഹളം ഉയരുന്പോൾ സിപിഎം സജി ചെറിയാനെതന്നെ കളത്തിലിറക്കും. സജി ചെറിയാൻ പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. എന്നാൽ 1957 മുതൽ ഉപതെരഞ്ഞെടുപ്പുകൾ ഉൾപ്പെടെ 16 തവണ തെരഞ്ഞെടുപ്പുകളെ നേരിട്ട ചെങ്ങന്നൂർ ആറു പ്രാവശ്യം മാത്രമാണ് ഇടതിനൊപ്പം നിന്നിട്ടുണള്ളത്. പറ്റിയ സ്ഥാനാർഥിയെ മത്സരിപ്പിച്ച് മണ്ഡലം തിരികെ കൊണ്ടുവരാൻ വേണ്ടിയുള്ള ലിസ്റ്റാണ് യുഡിഎഫ് നേതൃത്വം പരിഗണിച്ചുവരുന്നത്.
മുൻ എംഎൽഎയും കെപിസിസി ഉപാധ്യക്ഷനുമായ പി.സി. വിഷ്ണുനാഥ് വീണ്ടും മത്സരിക്കണമെന്ന് ഒരു വലിയ വിഭാഗത്തിന്റെ ആവശ്യം. എന്നാൽ വിഷ്ണുനാഥിന് ചെങ്ങന്നൂരിൽ മത്സരിക്കുവാൻ താത്പര്യമില്ലെന്ന് മുൻകൂട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അതിനാൽ കെപിസിസി മുൻ സെക്രട്ടറി മാന്നാർ അബ്ദുൾ ലത്തീഫ്, കെപിസിസി ഭാരവാഹികളായ എം. മുരളി, അഡ്വ. ജ്യോതി വിജയകുമാർ, അഡ്വ. എബി കുര്യാക്കോസ്, സുനിൽ പി. ഉമ്മൻ, മുൻ ജില്ലാ പഞ്ചായത്തംഗം ജോജി ചെറിയാൻ തുടങ്ങിയവരുടെ പേരുകളാകും മണ്ഡലത്തിനുളളിൽനിന്നും പരിഗണിക്കുക.
ബിജെപി പ്രതീക്ഷവയ്ക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ചെങ്ങന്നൂർ. കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളിൽ അതിശക്തമായ മുന്നേറ്റം കാഴ്ചവയ്ക്കുവാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ഇത്തവണ ബിജെപി ഇവിടെ മത്സരത്തിനിറങ്ങുന്നത്. ബിജെപിയുടെ എ-പ്ലസ് ലിസ്റ്റിലുള്ള മണ്ഡലം എന്ന തലത്തിൽ കഴിഞ്ഞ രണ്ടു തവണ മത്സരിച്ച് മണ്ഡലത്തിനു സുപരിചിതനും മിസോറാം ഗവർണർ കൂടിയായ പി.എസ്. ശ്രീധരൻ പിള്ള, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്, ബിജെപി ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാർ, ദേശീയ നേതൃത്വത്തിൽ തിളങ്ങി നിൽക്കുന്ന മാധ്യമപ്രവർത്തകൻ ചെങ്ങന്നൂർ ആല സ്വദേശി കൂടിയായ ആർ. ബാലശങ്കർ എന്നിവരാണ് പരിഗണനയിലുള്ളത്.
ചെങ്ങന്നൂർ നഗരസഭയും ആലാ, ബുധനൂർ, ചെറിയനാട്, മാന്നാർ, മുളക്കഴ, പാണ്ടനാട്, പുലിയൂർ, തിരുവൻവണ്ടൂർ, വെണ്മണി, ചെന്നിത്തല എന്നീ പഞ്ചായത്തുകളും ഉൾക്കൊള്ളുന്നതാണ് ചെങ്ങന്നൂർ മണ്ഡലം.