കാര്‍ കനാലില്‍ വീണു യുവാവ് മരിച്ചു
1567897
Tuesday, June 17, 2025 12:08 AM IST
ആലപ്പുഴ: പിറന്നാള്‍ ആഘോഷത്തിനുശേഷം ഭക്ഷണം കഴിക്കാന്‍ പോകുന്നതിനിടെ കാര്‍ കനാലില്‍ വീണ് യുവാവ് മരിച്ചു. ആലപ്പുഴ തത്തംപള്ളി വാര്‍ഡില്‍ കുറ്റിച്ചിറ വീട്ടില്‍ ബേബിച്ചന്റെയും പുഷ്പമ്മയുടെയും മകന് ബിജോയ് ആന്റണി (32) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളായ ജോജോ ലോനന്, ടിജു തോമസ് എന്നിവര്‍ നീന്തി രക്ഷപ്പെട്ടു.
പുന്നമട രാജീവ് ജെട്ടിക്കു സമീപത്തെ വളവില്‍ ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. പിറന്നാളാഘോഷം കഴിഞ്ഞു ഭക്ഷണം കഴിക്കാനായി സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപത്തേക്കു പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ബിജോയിയാണ് കാര്‍ ഓടിച്ചിരുന്നത്. വളവുതിരിയുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ടു കനാലില്‍ പതിച്ചതാകാമെന്നു പോലീസ് പറഞ്ഞു.
കനാലില്‍ വീണ കാറിന്റെ വാതില്‍ തുറന്നു സുഹൃത്തുക്കള്‍ പുറത്തിറങ്ങി. ബിജോയിയെയും ഇവര്‍ പുറത്തെത്തിച്ചു. എന്നാല്‍, നീന്തലറിയാത്ത ബിജോയിയെ കരയ്ക്കെത്തിക്കാനുള്ള ശ്രമത്തിനിടെ താഴ്ന്നുപോകുകയായിരുന്നു. പിന്നീട് സുഹൃത്തുക്കള്‍ നീന്തി കരയിലെത്തി നോര്‍ത്ത് പോലീസില്‍ വിവരമറിയിച്ചു. അഗ്നിരക്ഷാസേനയും ഉടന്‍ സ്ഥലത്തെത്തി. ഇരുപതടി താഴ്ചയുള്ള ഭാഗത്താണ് കാര്‍ മുങ്ങിയത്. അഗ്നിരക്ഷാ സേനയാണ് മുങ്ങിപ്പോയ ബിജോയിയെ കണ്ടെത്തി കരയ്ക്കെത്തിച്ചത്.
ഉടന്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. രക്ഷാപ്രവര്‍ത്തനത്തിനായി മുങ്ങുന്നതിനിടെ നേതൃത്വം നല്കിയ അസി. സ്റ്റേഷന് ഓഫീസര്‍ ജോജി എന്‍. ജോയിയുടെ കാലില്‍ പൊട്ടിയ കുപ്പി കുത്തിക്കയറി ആഴത്തില്‍ മുറിവേറ്റു. ഓഫീസര്‍മാരായ ഹരീഷ്, ജിജോ, അനീഷ് കണ്ണന്, ജോബിന് വര്‍ഗീസ്, ഹാഷിം, അര്ജുന്, ശശി അഭിലാഷ്, പുഷ്പരാജ്, കണ്ണന് ഉദയകുമാര്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്. സഹോദരന് ബിനോയ്. സംസ്കാരം നടത്തി.