കൃഷ്ണപുരം പഞ്ചായത്തിൽ കശുമാവ് കൃഷി വികസന പദ്ധതിക്കു തുടക്കം
1567898
Tuesday, June 17, 2025 12:08 AM IST
കായംകുളം: സംസ്ഥാന കശുമാവ്കൃഷിവികസന ഏജൻസിയും കൃഷ്ണപുരം കൃഷിഭവനും സംയുക്തമായി കശുമാവ്കൃഷി വികസിപ്പിക്കാനുള്ള പദ്ധതിക്ക് കൃഷ്ണപുരം പഞ്ചായത്തിൽ തുടക്കമായി. കശുമാവിൻ തൈകളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീഹരി കോട്ടീരേത്ത് നിർവഹിച്ചു. പഞ്ചായത്തംഗം അനിതാ വാസുദേവൻ അധ്യക്ഷത വഹിച്ചു.
കൃഷ്ണപുരം കൃഷി ഓഫീസർ രേഷ്മ രമേശ്, അസി. കൃഷി ഓഫീസർ പ്രദീപ്കുമാർ, കൃഷി അസിസ്റ്റന്റുമാരായ ഇന്ദു സി. നായർ, എം. ഷമീർ, ഫീൽഡ് ഓഫീസർ പ്രദീപ് എന്നിവർ പ്രസംഗിച്ചു.
പദ്ധതിപ്രകാരം ധന ഇനത്തിൽപ്പെട്ട 1700 അത്യുത്പാദനശേഷിയുള്ള ഗ്രാഫ്റ്റ് ചെയ്ത കശുമാവിൻ തൈകളാണ് തെരഞ്ഞെടുത്ത നൂറോളം കർഷകർക്ക് വിതരണം ചെയ്യുന്നത്. കേരളത്തിൽ കശുമാവ്കൃഷിയുടെ വിസ്തൃതിയിലും ആഭ്യന്തര ഉത്പാദനത്തിലും വന്ന കുറവ് പരിഹരിക്കുന്നതിനാണ് സംസ്ഥാന കശുമാവ്കൃഷി വികസന ഏജൻസി പദ്ധതി നടപ്പിലാക്കുന്നത്.