മൂലം വള്ളംകളി ആചാരപരമായി കൊണ്ടാടണം
1567894
Tuesday, June 17, 2025 12:08 AM IST
അമ്പലപ്പുഴ: ചരിത്ര പ്രസിദ്ധമായ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ചമ്പക്കുളം ആറ്റിൽ നടക്കുന്ന വള്ളംകളി മൂലക്കാഴ്ചയുടെ ആചാരാനുഷ്ഠാനങ്ങൾ പാലിച്ച് നടത്തണമെന്ന് അമ്പലപ്പുഴയിൽ കൂടിയ സ്വാഗതസംഘ യോഗം അധികൃതരോട് ആവശ്യപ്പെട്ടു.
ജൂലൈ 9നാണ് വള്ളംകളി. 8ന് കുറിച്ചി കരിങ്കുളം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽനിന്ന് രാവിലെ 6ന് ആരംഭിക്കുന്ന ശ്രീകൃഷ്ണ വിഗ്രഹ ഘോഷയാത്രയ്ക്ക് അമ്പലപ്പുഴയിൽ സ്വീകരണം നൽകും.
വൈകിട്ട് അഞ്ചിന് ഇരട്ടകുളങ്ങര ക്ഷേത്ര സന്നിധിയിൽ എത്തുന്ന രഥഘോഷയാത്ര വിവിധ ക്ഷേത്രങ്ങളുടെയും സംഘടനകളുടെയും സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഏഴിന് അമ്പലപ്പുഴ ക്ഷേത്ര സന്നിധിയിൽ സമാപിക്കും. 8ന് ചമ്പക്കുളം മഠം മഹാലക്ഷ്മി ക്ഷേത്രത്തില്‍ വള്ളസദ്യ നടക്കും. സ്വാഗതസംഘം ചെയർമാൻ ടി.ആർ. രാജീവ് അധ്യക്ഷത വഹിച്ച യോഗം അമ്പലപ്പുഴ ക്ഷേത്രം മേൽശാന്തി കണ്ണമംഗലം കേശവൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. മൂലം പൈതൃക സമിതി രക്ഷാധികാരി വി.ജെ. ശ്രീകുമാർ വലിയമഠം, പ്രസിഡന്റ് സജയൻ ചമ്പക്കുളം, സെക്രട്ടറി രതീഷ് രവി, ശ്രീകുമാർ തത്തമത്, നാരായണ ദാസ്, ശ്രീകുമാരപ്പണിക്കർ, ബി. ബിന്ദു എന്നിവർ സംസാരിച്ചു.