തലവടി പഞ്ചായത്തില്‍ സിപിഎം-സിപിഐ പോര്; അവിശ്വാസപ്രമേയത്തിന് നോട്ടീസ്
1568168
Wednesday, June 18, 2025 12:03 AM IST
എടത്വ: എല്‍ഡിഎഫ് ഭരിക്കുന്ന തലവടി പഞ്ചായത്തില്‍ സിപിഎം പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരേ സിപിഐ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്കി. അഴിമതി ആരോപണവും വികസന പോരായ്മയും സ്വജനപക്ഷപാതവും ചൂണ്ടിക്കാട്ടിയാണ് സിപിഐ അംഗവും ഇടത് സ്വതന്ത്രനും ചമ്പക്കുളം ബിഡിഒ ഷാജുമോന്‍ പത്രോസിന് നോട്ടീസ് നല്‍കിയത്.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിയപ്പോഴാണ് എല്‍ഡിഎഫില്‍ ചേരിപ്പോര് രൂക്ഷമായത്. കുറച്ചു നാളുകളായി തലവടിയില്‍ സിപിഎം-സിപിഐ പോര് ശക്തമായിരുന്നു. 2020ലെ ഭരണമുന്നണിയായ യുഡിഎഫിനെ തറപറ്റിച്ച് മുന്നില്‍രണ്ട് ഭൂരിപക്ഷത്തിലേറെ സീറ്റിന് വിജയിച്ച എല്‍ഡിഎഫിന്റെ വികസന പോരായ്മയാണ് സിപിഐ മുഖ്യമായി ചൂണ്ടിക്കാട്ടുന്നത്.
സിപിഎമ്മിനെതിരേ വിവിധ വിഷയങ്ങള്‍ ഉന്നയിച്ചാണ് അവിശ്വാസപ്രമേയത്തിന് സിപിഐ നോട്ടീസ് നല്‍കിയത്. നിലംപറ്റാറായ പഴയ പഞ്ചായത്ത് ഓഫീസ് കെട്ടിടം പുനര്‍നിര്‍മിക്കാനുള്ള ഒരു നടപടിയും സ്വീകരിക്കാതെ സ്വകാര്യ കെട്ടിടത്തിലേക്കു പ്രവര്‍ത്തനം മാറ്റുകയും ഓഫീസ് പ്രവര്‍ത്തനം മാറ്റി ഒരുവര്‍ഷം കഴിഞ്ഞിട്ടും പഞ്ചായത്ത് സ്ഥലത്തെ കെട്ടിടം നിര്‍മിക്കാനുള്ള നടപടി ഇതുവരെ ആരംഭിച്ചില്ല, പ്രാദേശിക വഴികള്‍, കുടിവെള്ള പ്രശ്നം, വഴിവിളക്കുകള്‍ തുടങ്ങി ഒട്ടേറെ വികസന പോരായ്മകൾ സിപിഐ ആരോപിക്കുന്നു. ഭരണമുന്നണിയില്‍ സിപിഐക്കു പ്രാമുഖ്യം നല്‍കാത്തതും പ്രമേയ നോട്ടീസിന് കാരണമായിട്ടുണ്ട്. കൂടാതെ അഴിമതി ആരോപണവും ചൂണ്ടിക്കാട്ടുന്നു.
15 അംഗ ഭരണസമിതിയിൽ എല്‍ഡിഎഫില്‍നിന്ന് സിപിഎം- 6, കേരള കോണ്‍ഗ്രസ്-എം-1, സിപിഐ -1, ഇടതു സ്വതന്ത്രര്‍ -3, യുഡിഫില്‍നിന്ന് കോണ്‍ഗ്രസ് -2, കേരള കോണ്‍ഗ്രസ് -1, ബിജെപി-1 എന്നിങ്ങനെയാണ് കക്ഷിനില.