"ആലപ്പുഴക്കാർ ഇൻ കൊച്ചി...’ ഹൃദ്യമായ ഒത്തുചേരൽ
1568177
Wednesday, June 18, 2025 12:03 AM IST
കൊച്ചി: ആലപ്പുഴയിൽ വേരുകളുള്ളവരും നിലവിൽ കൊച്ചിയിൽ താമസിക്കുന്നവരുമായ ആളുകൾക്കായി സംഘടിപ്പിച്ച "ആലപ്പുഴക്കാർ ഇൻ കൊച്ചി’ സംഗമം ഹൃദയസ്പർശിയായി.
ആലപ്പുഴയിലെ പഴയകാല ഓർമകൾ അയവിറക്കിയും സൗഹൃദങ്ങൾ പുതുക്കിയും കൊച്ചിയിലെ ആലപ്പുഴക്കാർ സന്തോഷം പങ്കുവച്ചു. കേരള പിഡബ്ല്യുഡി മുൻ ചീഫ് എൻജിനിയർ എം.എ. ചാക്കോ എട്ടുകെട്ടിൽ, ആലപ്പുഴ സൗത്ത് ഇന്ത്യൻ റബർ വർക്സ് മുൻ സിഇഒ ജി. കൃഷ്ണൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
എറണാകുളം രാമവർമ ക്ലബ്ബിൽ നടന്ന ചടങ്ങിൽ പ്രമുഖ സംവിധായകൻ സിബി മലയിൽ, വ്യവസായി ജോസ് പട്ടാറ, ഓം കുമാർ, ശ്രീകുമാർ, ബിന്ദു മാധവ്, രാജ്കുമാർ, ജോണി വാര്യംപറമ്പിൽ, ഔസേപ്പച്ചൻ വാളക്കുഴി തുടങ്ങി നിരവധി പേർ പങ്കെടുത്തു. പ്രഫ. അയ്യങ്കാർ ഉൾപ്പെടെ അന്തരിച്ച ആലപ്പുഴയിലെ പ്രമുഖരെ യോഗം അനുസ്മരിച്ചു.
ആലപ്പുഴ മുല്ലക്കൽ ചിറപ്പ്, പള്ളിപ്പെരുന്നാളുകൾ, ബീച്ചിലെ കറക്കം, ദിൽഖുഷ്, ഐസിഎച്ച്, ബ്രദേഴ്സ് തുടങ്ങിയ ഇഷ്ടഭക്ഷണശാലകൾ, സിആർ ലെതർ വർക്സ്, സെന്റ് ജോർജ് അംബ്രല്ല മാർട്ടിനടുത്തുള്ള കടകൾ, ലിയോ തേർട്ടീൻത് സ്കൂൾ, സെന്റ് ജോസഫ്സ് ഗേൾസ് സ്കൂൾ, കോളജ്, ഗോപിച്ചേട്ടന്റെ മുറുക്കാൻ കട, ആലപ്പുഴ ബീച്ച് തുടങ്ങിയ ആലപ്പുഴയുടെ ഓർമകൾ എല്ലാവരും പങ്കുവച്ചു.
കൊച്ചിയിൽ സ്ഥിരതാമസമാക്കിയ ആലപ്പുഴക്കാരുടെ സംഗമം വരുംവർഷങ്ങളിലും നടത്തുമെന്നു സംഘാടകർ അറിയിച്ചു.