കോട്ടയം: ശിക്കാര വള്ളത്തിലിരുന്ന് കായലിൽ ചൂണ്ടയിടാം, വലവീശി മീൻ പിടിക്കാം. കരയ്ക്കു കയറി കയർപിരിക്കുന്നതും ഓലമെടയുന്നതും ഒക്കെ നേരിൽ കാണാം, ഇനി ഒരു കൈ നോക്കണമെങ്കിൽ അങ്ങനെയുമാകാം. തെങ്ങിൽ കയറി കള്ളു ചെത്താൻ താത്പര്യപ്പെടുന്നവർക്ക് അതിനും അവസരമുണ്ട്.
റബറിന്റെ നാടായ കാഞ്ഞിരപ്പള്ളിയിലെ റബർത്തോട്ടങ്ങളും ടാപ്പിംഗും കാണാനും ജില്ലയിലെ എവറസ്റ്റ് എന്നറിയപ്പെടുന്ന ഇല്ലിക്കൽക്കല്ലിന്റെ മുകളിൽ കയറാനും ഇനി വിദേശികൾ ഉൾപ്പെടെയുള്ളവർ ഒഴുകിയെത്തും. ഉത്തരവാദിത്വ ടൂറിസം മിഷൻ ജില്ലയിലെ വിവിധ പ്രദേശങ്ങളെ കൂട്ടിയിണക്കി സഞ്ചാരികൾക്കായി ഗ്രാമീണ ടൂർ പാക്കേജ് ഇത്തവണ വിപുലമാക്കുകയാണ്.
പാക്കേജ് കിഴക്കൻ മേഖലയിലേക്കും
കുമരകത്തും വൈക്കത്തും മാത്രമുണ്ടായിരുന്ന ടൂറിസം പാക്കേജുകൾ ഇത്തവണ കിഴക്കൻ മേഖലയിലേക്കും വ്യാപിപ്പിക്കുകയാണ്. റബർത്തോട്ടങ്ങൾ സന്ദർശിക്കാനും ടാപ്പിംഗ് കാണുവാനും മരച്ചീനി തോട്ടത്തിലെത്തി മരച്ചീനി പറിച്ച് പുഴുങ്ങി കഴിക്കാനും തീർഥാടന കേന്ദ്രങ്ങളും ആരാധനാലയങ്ങളും സന്ദർശിക്കാനും നമ്മുടെ നാട്ടിലെ ചെറു വെള്ളച്ചാട്ടങ്ങൾ കാണാനുമുള്ള പാക്കേജുകളുമുണ്ട്.
കുമരകത്ത് തുടക്കമിട്ട പദ്ധതി വൻവിജയമായതോടെയാണ് കൂടുതൽ സ്ഥലങ്ങൾ ഉൾപ്പെടുത്തി ഇത്തവണ വിപുലപ്പെടുത്തിയത്. പാക്കേജുകളെല്ലാം ഗ്രാമീണജീവിതം അടുത്തറിയുന്നതിനും പരിചയപ്പെടുന്നതിനും ഗ്രാമീണ തൊഴിൽമേഖലകൾ പരിശീലിക്കുന്നതിനും സഞ്ചാരികൾക്ക് സൗകര്യമൊരുക്കുന്നു. ടൂർ പാക്കേജുകൾ നയിക്കുന്നതിനായി കമ്യൂണിറ്റി ടൂർ ലീഡേഴ്സ് എന്ന പേരിൽ പ്രായോഗിക പരിശീലനം നൽകി ക്കഴിഞ്ഞു.
നാൽപ്പതോളം പേരടങ്ങുന്ന സംഘത്തിൽ വനിതകളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. കുമരകം, തിരുവാർപ്പ്, അയ്മനം, ആർപ്പൂക്കര, വൈക്കം, മുറിഞ്ഞപുഴ, ചെന്പ്, തലയാഴം, വെച്ചൂർ, പള്ളിക്കത്തോട്, കാഞ്ഞിരപ്പള്ളി, ഇല്ലിക്കൽക്കല്ല് തുടങ്ങിയ പ്രദേശങ്ങൾ ഉൾപ്പെടുത്തി 20 ഗ്രാമീണ ടൂർ പാക്കേജുകളാണ് ഒരുക്കിയിരിക്കുന്നത്.
ഓരോ പ്രദേശത്തിന്റെയും തനതു ജീവിതരീതികളും തൊഴിലും സഞ്ചാരികൾക്ക് കാട്ടിക്കൊടുക്കുന്ന പാക്കേജുകളാണിത്. ബിയോണ്ട് ദ ബാക്ക് വാട്ടർ, എ ഡേ വിത്ത് ഫാർമർ തുടങ്ങിയവയാണ് കുമരകത്തെ പാക്കേജ്. സഞ്ചാരികളെ വള്ളത്തിൽ കയറ്റി വിവിധ ജനവാസമേഖലകളിൽ എത്തിക്കും.
ഓലമെടയൽ, വലവീശൽ, കയർപിരിക്കൽ, ചൂണ്ടയിടീൽ, കള്ളുചെത്ത് തുടങ്ങിയ ജീവിതക്കാഴ്ചകൾ നേരിൽ കാണാനാകും. നെൽകൃഷി, പശുവളർത്തൽ തുടങ്ങിയ കാർഷിക മേഖലകളിലും സന്ദർശനമുണ്ടാകും. പള്ളിക്കത്തോട്ടിലേക്ക് യാത്രയുടെ തുടക്കം സൂര്യകാലടിമനയിൽ നിന്നാണ്. റബർ, മരച്ചീനി തുടങ്ങിയ കൃഷിയുമായി ബന്ധപ്പെട്ട കാഴ്ചകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വെട്ടിക്കാട്ടിൽ നിന്നാണ് തിരുവാർപ്പ് പാക്കേജിന് തുടക്കം. പല രീതിയിലുള്ള മീൻപിടിത്തം, കന്നുകാലി ഫാം, കനാൽ സവാരി, മലരിക്കൽ അസ്തമനം ഉൾപ്പെടെ തിരുവാർപ്പ് ക്ഷേത്രത്തിൽ സഞ്ചാരികളെ എത്തിക്കുന്ന ഒരുദിവസത്തെ പാക്കേജാണിത്. മാഞ്ചിറ, കരീമഠം കേന്ദ്രീകരിച്ചാണ് അയ്മനം പാക്കേജ്. സർപ്പക്കാവുകൾ, പുരാതനക്ഷേത്രങ്ങൾ എന്നിവയും അയ്മനം കാഴ്ചകളിൽ നിറയും.
വനിതകളുടെ നേതൃത്വത്തിലും പാക്കേജ്
കുമരകം കേന്ദ്രീകരിച്ച് വനിതകളുടെ നേതൃത്വത്തിലുള്ള മറ്റൊരു പാക്കേജിനും രൂപം നൽകിയിട്ടുണ്ട്. കൊഞ്ചുമട കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പാക്കേജിൽ സ്ത്രീകൾ തന്നെ വള്ളം തുഴഞ്ഞ് സഞ്ചാരികളെ ഓരോ കേന്ദ്രങ്ങളിലും എത്തിക്കും. ജനുവരി വരെ നീളുന്ന സീസണിൽ ഗ്രാമീണ പാക്കേജിന് കൂടുതൽപ്രചാരം നൽകാനാണ് ഉത്തരവാദിത്ത ടൂറിസം മിഷന്റെ പരിപാടി.
ഔദ്യോഗിക ടൂറിസം വെബ്സൈറ്റുകളിലും മറ്റും ഇതിന്റെ പരസ്യം ഉടൻ നൽകും. ഉത്തരവാദിത്ത ടൂറിസം സംസ്ഥാന കോ ഓർഡിനേറ്റർ കെ.രൂപേഷ് കുമാർ, ടൂറിസം ഡപ്യൂട്ടി ഡയറക്ടർ ബിജു വർഗീസ്, ഇൻഫർമേഷൻ ഓഫീസർ സുനിത, കോ ഓർഡിനേറ്റർ ഭഗത് തുടങ്ങിയവർക്കാണ് ഗ്രാമീണ ടൂർ പാക്കേജിന്റെ ചുമതല.