നെടുങ്കണ്ടം: ഉടുന്പൻചോല നിയോജകമണ്ഡലത്തിലെ അടിസ്ഥാനസൗകര്യ വികസനത്തിനും ആരോഗ്യം, ടൂറിസം, വിദ്യാഭ്യാസം എന്നീ രംഗങ്ങൾക്കും ഉണർവ് നൽകുന്ന ബജറ്റാണ് ഇന്നലെ ധനകാര്യ മന്ത്രി അവതരിപ്പിച്ചത്.
ഉടുന്പൻചോലയ്ക്ക് മാത്രമായുള്ള 24 പദ്ധതികൾക്കായി 988 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. ഉടുന്പൻചോല ആയുർവേദ മെഡിക്കൽ കോളജ് നിർമാണത്തിന്റെ തുടർ പ്രവർത്തനം, വണ്ടൻമേട്ടിൽ തമിഴ് - ഭാഷാന്യൂനപക്ഷങ്ങൾക്കായി പ്രഫഷണൽ കോളജ്, തൂക്കുപാലം - പ്രകാശ്ഗ്രാം - ശസ്താനട - കട്ടപ്പന റോഡ് എന്നിവയാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്ന വലിയ പദ്ധതികൾ.
ഉടുന്പൻചോല ആയുർവേദ മെഡിക്കൽ കോളജിന്റെ തുടർ നിർമാണ പ്രവർത്തനത്തിന് 650 കോടി രൂപയാണ് ബജറ്റിൽ നീക്കിവെച്ചിരിക്കുന്നത്. മാട്ടുത്താവളത്താണ് ആയുർവേദ മെഡിക്കൽ കോളജിനായി സ്ഥലം കണ്ടെത്തിയിരിക്കുന്നത്. ജില്ലയിൽ തമിഴ് - ഭാഷാന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസത്തിന് വണ്ടന്മേട്ടിൽ പ്രഫഷണൽ കോളജ് സ്ഥാപിക്കുന്നതിന് 100 കോടി രൂപയും അനുവദിച്ചു.
തൂക്കുപാലം - പ്രകാശ്ഗ്രാം - ശസ്താനട - കട്ടപ്പന റോഡിന്റെ നിർമാണത്തിന് 100 കോടി രൂപ വകയിരുത്തി. കഴിഞ്ഞ ബജറ്റിൽ അനുവദിച്ച പൂപ്പാറ ഗവ. കോളജിന് കെട്ടിടം നിർമിക്കുന്നതിന് ഇത്തവണ 10 കോടി രൂപ അനുവദിച്ചു. നെടുങ്കണ്ടം ഐഎച്ച്ആർഡി കോളജ് കെട്ടിട നിർമാണത്തിനും 10 കോടി വകയിരുത്തിയിട്ടുണ്ട്. കരുണാപുരം, ശാന്തൻപാറ പഞ്ചായത്തുകളിൽ പുതിയ പിഎച്ച്സി കെട്ടിടങ്ങൾ നിർമിക്കുന്നതിനും 10 കോടി രൂപ വീതം അനുവദിച്ചിട്ടുണ്ട്.
ഇരട്ടയാർ - ഈട്ടിത്തോപ്പ് - ചിന്നാർ റോഡിനും മുരിക്കുംതൊട്ടി - വട്ടപ്പാറ - മേലേചെമ്മണ്ണാർ റോഡിനും 10 കോടി രൂപ വീതം അനുവദിച്ചു. ചേന്പളം, അണക്കര, ആനയിറങ്കൽ, ശാന്തൻപാറ, രാജാക്കാട് എന്നിവിടങ്ങളിൽ ടൂറിസം അമിനിറ്റി സെന്റർ നിർമിക്കുന്നതിനും 10 കോടി രൂപ വകയിരുത്തി.
കുമളി - മൂന്നാർ റോഡിൽ ചണ്ണക്കാട് പാലം നിർമാണത്തിന് അഞ്ച് കോടി, നെടുങ്കണ്ടം ടൗണ് ബൈപാസ് റോഡിനായി അഞ്ചുകോടി, നെടുങ്കണ്ടം അഗ്നിരക്ഷാ നിലയത്തിന് കെട്ടിടം നിർമിക്കുന്നതിന് അഞ്ചുകോടി, നെടുങ്കണ്ടം കെഎസ്ആർടിസി സ്റ്റാൻഡ് നിർമിക്കുന്നതിന് നാലുകോടി, കരുണാപുരം കന്പംമെട്ടിൽ ശബരിമല തീർഥാടകർക്ക് ഇടത്താവളം നിർമിക്കുന്നതിന് നാലുകോടി, പുഷ്പക്കണ്ടം - പാലാർ റോഡിന് അഞ്ചു കോടി, മന്തിപാറ - പുത്തൻപാലം - നെറ്റിത്തൊഴു റോഡിന് അഞ്ച് കോടി, മേലെചിന്നാർ - കനകക്കുന്ന് - പെരുന്തൊട്ടി - തങ്കമണി റോഡിന് അഞ്ച് കോടി, ഇരട്ടയാർ - ശാന്തിഗ്രാം പാലം നിർമാണത്തിന് അഞ്ച് കോടി, ഇരട്ടയാർ - പള്ളിനിരപ്പ് - വാഴവര റോഡിന് അഞ്ചുകോടി, ശാന്തൻപാറ ഗവ.എച്ച്എസ് സ്കൂൾ കെട്ടിട നിർമാണത്തിന് അഞ്ചുകോടി, രാജകുമാരി - പൊട്ടൻകാട് റോഡിന് അഞ്ചുകോടി, എല്ലക്കൽ - എസ്എൻ പുരം - പൊന്മുടി - മരക്കാനം - മുനിയറ റോഡിന് അഞ്ചുകോടി, ഇരട്ടയാർ - വലിയതോവാള പാലം നവീകരണത്തിന് അഞ്ചുകോടി എന്നിവയും ബജറ്റിൽ പ്രഖ്യാപിച്ചു.