മാര്‍ക്കറ്റ് നവീകരണവും റേ പദ്ധതിയും വേഗത്തിലെന്ന് സിഎസ്എംഎല്‍
1299127
Thursday, June 1, 2023 12:50 AM IST
സ്മാര്‍ട്ട്സിറ്റി പ്രോജക്ടിലെ അഭിമാന പദ്ധതികളായ എറണാകുളം മാര്‍ക്കറ്റ് നവീകരണ പദ്ധതിയും പശ്ചിമകൊച്ചിയിലെ റേ പാര്‍പ്പിട സമുച്ചയ പദ്ധതിയും വേഗത്തിലെന്ന് സിഎസ്എംഎല്‍. ഇരുപദ്ധതികളുടെയും നിര്‍മാണം പാതി പിന്നിട്ടു. ഡിസംബറോടെ നിര്‍മാണം പൂര്‍ത്തീകരിച്ച് ജനുവരിയില്‍ പുതുവത്സര സമ്മാനമായി ഇരുപദ്ധതികളും നാടിനു സമര്‍പ്പിക്കാനാണ് ലക്ഷ്യം.
ഖര-ജല മാലിന്യ സംസ്കരണം, ജലവിതരണം, മഴവെള്ള സംഭരണം, സൗരോര്‍ജ സംവിധാനം, കാമറകള്‍, പാര്‍ക്കിംഗ്, വാഹനങ്ങള്‍ കയറ്റി ഇറക്കുന്നതിന് വിപുലമായ സൗകര്യം തുടങ്ങി എല്ലാ സൗകര്യങ്ങളും പുതിയ മാര്‍ക്കറ്റിലുണ്ട്. 2.15 ലക്ഷം സ്ക്വയര്‍ ഫീറ്റിലുള്ള പുതിയ മാര്‍ക്കറ്റിന് ചെലവ് കണക്കാക്കിയിരിക്കുന്നത് 72 കോടി രൂപയാണ്. കെട്ടിടം പൂര്‍ത്തിയാകുന്നതോടെ മാര്‍ക്കറ്റിലെ പകുതിയിലേറെ കച്ചവട സ്ഥാപനങ്ങളുടെ പുതിയ കെട്ടിടത്തിലേക്ക് മാറ്റും.
തുരുത്തി കോളനി നിവാസികള്‍ക്കായി നിര്‍മിക്കുന്ന ഭവന പദ്ധതിയാണ് രാജീവ് ആവാസ് യോജന (റേ). രണ്ട് ബഹുനില കെട്ടിടങ്ങളിലായി ആളുകളെ താമസിപ്പിക്കുന്ന പദ്ധതിയുടെ ഒന്നാം ടവറിന്റെ നിര്‍മാണം കോര്‍പറേഷനും രണ്ടാമത്തേതിന്റേത് സിഎസ്എംഎലുമാണ്. 190 വീട്ടുകാരെ പാര്‍പ്പിക്കാന്‍ കഴിയുന്ന കെട്ടിട സമുച്ചയമാണ് സിഎസ്എംഎല്എ പൂര്‍ത്തിയാക്കി വരുന്നത്.