കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ 15നകം പൂർണസജ്ജമാകും: മന്ത്രിമാർ
1548604
Wednesday, May 7, 2025 4:19 AM IST
കളമശേരി: കൊച്ചിൻ കാൻസർ റിസേർച്ച് സെന്റർ 15-ഓടെ പൂർണ സജ്ജമാകുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്, ആരോഗ്യമന്ത്രി വീണ ജോർജ് എന്നിവർ പറഞ്ഞു. കളമശേരി മെഡിക്കൽ കോളജിലെ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിന്റെ നിർമാണ പ്രവർത്തനം അന്തിമ ഘട്ടത്തിലാണെന്നും ജൂലൈ 30ഓടെ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രിമാർ വ്യക്തമാക്കി.
കൊച്ചിൻ കാൻസർ റിസേർച്ച് സെന്റർ (സിസിആർസി), എറണാകുളം മെഡിക്കൽ കോളജ് എന്നിവയുടെ നിർമാണ പുരോഗതി അവലോകനം ചെയ്യാൻ ചേർന്ന മന്ത്രിതല യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു ഇരുവരും. ഇരു കേന്ദ്രങ്ങളും സന്ദർശിച്ച ശേഷമാണ് മന്ത്രി പി. രാജീവിന്റെ സാന്നിധ്യത്തിൽ യോഗം ചേർന്നത്.
കാൻസർ റിസേർച്ച് സെന്ററിന്റെ സിവിൽ, ഇലക്ട്രിക്കൽ, പ്ലംബിംഗ് ജോലികൾ ഉൾപ്പെടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്. വൈദ്യുതി കണക്ഷൻ, അഗ്നി രക്ഷാസേനയുടെ എൻഒസി തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
കുടിവെള്ള കണക്ഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കും. മലിനീകരണ നിയന്ത്രണ ബോർഡിന്റേത് ഉൾപ്പെടെയുള്ള ഏതാനും അനുമതികൾ കൂടിയാണ് ലഭിക്കാനുള്ളത്.
ഇതിനായി യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികൾ വേണമെന്ന് യോഗത്തിൽ ആരോഗ്യ മന്ത്രി ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി. ആശുപത്രിയിലേക്ക് വേണ്ട മെഡിക്കൽ ഉപകരണങ്ങൾ സ്ഥാപിക്കുന്ന ജോലിയും അവസാന ഘട്ടത്തിലാണ്. സ്കാനിംഗ് മെഷീനുകൾ ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട ഉപകരണങ്ങളെല്ലാം സജ്ജമാക്കിയിട്ടുണ്ടെന്നും ബാക്കിയുള്ളവ എത്രയും വേഗം സ്ഥാപിക്കുമെന്നും അധികൃതർ അറിയിച്ചു.
ഓപ്പറേഷൻ തിയറ്ററുകൾ ഉടൻ പ്രവർത്തനസജ്ജമാക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. എറണാകുളം മെഡിക്കൽ കോളജ് സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിന്റെ നിർമാണ പ്രവർത്തനങ്ങളും അന്തിമ ഘട്ടത്തിലാണ്.
283 കോടിയുടെ വികസന പ്രവർത്തനങ്ങൾ
283 കോടിയോളം രൂപയുടെ വികസന പ്രവർത്തനങ്ങളാണ് മെഡിക്കൽ കോളജിൽ നടക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾ നീണ്ടുപോകുന്ന സാഹചരുമുണ്ടായാൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് വീണ ജോർജ് അറിയിച്ചു.
ഇതു സംബന്ധിച്ച് കൃത്യമായ അവലോകനം നടത്താൻ ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് മന്ത്രിമാർ നിർദേശം നൽകി. പദ്ധതി പൂർത്തിയാകുന്നതോടെ അത്യാധുനിക സൗകര്യങ്ങളുള്ള സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയായി മെഡിക്കൽ കോളജ് മാറും.
മെഡിക്കൽ കോളജ് കോൺഫറൻസ് ഹാളിൽ നടന്ന അവലോകന യോഗത്തിൽ ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖോബ്രാഗഡേ, ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, കൊച്ചിൻ കാൻസർ സെന്റർ ഡയറക്ടർ ഡോ. ബാലഗോപാൽ, എറണാകുളം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. എസ്. പ്രതാപ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഗീതാ നായർ തുടങ്ങിയവർ പങ്കെടുത്തു.