കാർഷികോത്സവ മേളയിലെ ആകർഷണമായി സയൻസ് സ്റ്റാൾ
1548595
Wednesday, May 7, 2025 4:07 AM IST
മൂവാറ്റുപുഴ: കാണാമറയത്തെ കൗതുക കാഴ്ചകളുമായി ശ്രദ്ധേയമാവുകയാണ് മൂവാറ്റുപുഴ കാർഷികോത്സവ മേള നഗരിയിലെ സയൻസ് സ്റ്റാൾ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന വിവിധതരം കാഴ്ചകളാണ് സയൻസ് സ്റ്റാൾ ഒരുക്കുന്നത്. വൈദ്യുതി സഹായമില്ലാതെ കത്തുന്ന ഇലക്ട്രിക് ബൾബ്, പാതാളത്തിലേക്ക് നീളുന്ന കിണർ, തനിയെ കയറ്റം കയറുന്ന റോളർ തുടങ്ങി കാഴ്ചകൾ നീളുകയാണ്.
മേള തുടങ്ങി ദിവസങ്ങൾക്കകം തന്നെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഓട്ടോമാറ്റിക്ക് ഉൾപ്പടെ വിവിധ തരത്തിലുള്ള ടെലിസ്കോപ്പുകളും അതിലൂടെ രാത്രിയിൽ ചന്ദ്രനിലെ ഗർത്തങ്ങൾ കാണുവാനുള്ള അവസരവും മേള നഗരിയിലെ സയൻസ് പാർക്കിൽ ഒരുക്കിയിരിക്കുന്നു. കൂടാതെ ഗ്രഹനില ഡിസ്പ്ലേ ബോർഡ്, ജെയിംസ് വെബ് ടെലിസ്കോപ്,
ആദിത്യ എൽ-1 ന്റെ ഓർബിറ്റ് മോഡൽ, പിഎസ്എൽവി, ജിഎസ്എൽവി, ഗഗൻയാൻ മോഡലുകളും അതിന്റെ വിശദീകരണവും കാണികളെ വിജ്ഞാനത്തിന്റെ പുതിയ മേഖലകളിൽ എത്തിക്കുന്നു. തൊടുപുഴ ന്യൂമാൻ കോളജ് റിട്ട. പ്രഫ. ജോ ജേക്കബ്, കോട്ടയം ആർഐടി റിട്ട. പ്രഫ. പി.എൻ. തങ്കച്ചൻ എന്നിവരുടെ നേതൃത്തിലാണ് സ്റ്റാൾ പ്രവർത്തിക്കുന്നത്.
കാർഷിക സെമിനാർ
മൂവാറ്റുപുഴ: കാർഷികോത്സവത്തിന്റെ ഭാഗമായി കാർഷിക സെമിനാർ നടത്തി. കെ. ഫ്രാൻസിസ് ജോർജ് എംപി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസി ജോളി വട്ടക്കുഴി അധ്യക്ഷത വഹിച്ചു. വാഴക്കുളം പിആർഎസ് റിട്ട. പ്രഫ. പി.പി. ജോയി ക്ലാസ് നയിച്ചു.
മേളയോടനുബന്ധിച്ച് ഊട്ടി മോഡൽ പുഷ്പമേള, കൃത്രിമ വനം, വളർത്തോമനകളുടെ സംഗമം, അക്വേറിയം കാർഷിക പ്രദർശനം, സർക്കാർ - അർധ സർക്കാർ സ്റ്റാളുകൾ, വ്യാപാര വിപണന മേള, നഴ്സറി സസ്യ പ്രദർശനവും വിൽപ്പനയും തുടങ്ങിയ പരിപാടികൾ നടക്കും. കൂടാതെ ആസ്ട്രോ ഫിസിക്സ് പവിലിയൻ, കുടുംബശ്രീ ഭക്ഷ്യമേള,
ഫുഡ് വ്ളോഗർ കോർണർ, വിപുലമായ കലാസന്ധ്യകൾ, അമ്യൂസ്മെന്റ് കാർണിവൽ, ഇൻസ്റ്റലേഷനുകൾ, സെൽഫി കോർണറുകൾ, ഭാഗ്യ പരീക്ഷണ നറുക്കെടുപ്പുകൾ തുടങ്ങിയ പരിപാടികളും അരങ്ങേറും. ഇവയ്ക്ക് പുറമേ കാർഷിക മത്സരങ്ങൾ, കാർഷിക സെമിനാറുകൾ, ലോക റിക്കോർഡ് ശ്രമങ്ങൾ, ഒന്‍പത് ദിനം കർഷക അവാർഡുകൾ, കാർഷിക വാരാഘോഷം എന്നിവയും നടക്കും.
കൂണ്‍കൃഷി സെമിനാർ ഇന്ന്
മൂവാറ്റുപുഴ: കാർഷികമേള നഗരിയിൽ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് കൂണ്‍കൃഷി വിഷയത്തിൽ നടക്കുന്ന കാർഷിക സെമിനാർ എൽദോസ് കുന്നപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്യും. നഗരസഭാധ്യക്ഷൻ പി.പി. എൽദോസ് അധ്യക്ഷത വഹിക്കും. കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റി റിട്ട. പ്രഫ. എ.വി. മാത്യു ക്ലാസ് നയിക്കും.