വൈദ്യുതിയിലും പെട്രോളിലും ഓടാൻ കഴിയുന്ന ഓട്ടോറിക്ഷയുമായി എംബിറ്റ്സ് വിദ്യാർഥികൾ
1548593
Wednesday, May 7, 2025 3:54 AM IST
കോതമംഗലം: വൈദ്യുതിയിലും പെട്രോളിലും പ്രവർത്തിക്കാൻ കഴിയുന്ന ഹൈബ്രിഡ് ഓട്ടോറിക്ഷയുമായി എംബിറ്റ്സ് എൻജിനീയറിംഗ് കോളജ് വിദ്യാർഥികൾ. കോളജിലെ അവസാന വർഷ ഇലക്ട്രിക്കൽ ആന്‍ഡ് ഇലക്ട്രോണിക്സ് എൻജിനീയറിംഗ് വിദ്യാർഥികളാണ് തങ്ങളുടെ കോഴ്സ് പ്രോജക്ടിന്റെ ഭാഗമായി ഹൈബ്രിഡ് ഓട്ടോറിക്ഷ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
പെട്രോൾ എൻജിനിൽ പ്രവർത്തിക്കുന്ന ഓട്ടോറിക്ഷയിൽ ഒരു കിലോവാട്ടിന്റെ ബിഎൽഡിസി മോട്ടോർ പ്രത്യേകമായി ഘടിപ്പിച്ചാണ് വിദ്യാർഥികൾ ഹൈബ്രിഡ് ഓട്ടോറിക്ഷ തയാറാക്കിയിരിക്കുന്നത്. മോട്ടോർ പ്രവർത്തിപ്പിക്കുന്നതിനായി 60 എഎച്ചിന്റെ നാല് ബാറ്ററികളും അതിന്റെ കോണ്ട്രോളറുമാണ് ഘടിപ്പിച്ചിരിക്കുന്നത്.
ഒരേ സമയം പെട്രോളിലും വൈദ്യുതിയിലും വാഹനം ഓടിക്കാൻ കഴിയും. കൂടാതെ ബാറ്ററിയുടെ ചാർജ് തീർന്നാൽ പെട്രോളിൽ മാത്രമായും ഉപയോഗിക്കാൻ കഴിയും. ഇതിന് വേണ്ടി പ്രത്യേകം സംവിധാനം വിദ്യാർഥികൾ വണ്ടിയിൽ കൊടുത്തിട്ടുണ്ട്. വൈദ്യുതിയിൽ മാത്രം ഉപയോഗിക്കുകയാണെങ്കിൽ 60 മുതൽ 80 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയുമെന്ന് വിദ്യാർഥികൾ അവകാശപ്പെടുന്നു. 40 കിലോമീറ്ററാണ് പരമാവധി വേഗത.
അരുണ്‍ എൽദോ ഏലിയാസിന്റെ മേൽനോട്ടത്തിൽ അതുൽ പി. മാണിക്യം, നിബിൻ ബിനോയ്, ജോയൽ ജോസ്, ഗൗതം മോഹൻ, അനന്തു അജികുമാർ, അലൻ ബെന്നി, മുഹമ്മദ് ബിലാൽ, മുഹമ്മദ് ഷാൽബിൻ എന്നിവരടങ്ങുന്ന വിദ്യാർഥികൾ മാനേജ്മെന്റിന്റെ ധനസഹായത്തോടെ ഒരു ലക്ഷം ചെലവഴിച്ച് ആറ് മാസംകൊണ്ടാണ് വാഹനം പൂർത്തിയാക്കിയത്.
ഹൈബ്രിഡ് ഓട്ടോയുടെ ഫ്ളാഗ് ഓഫ് സാങ്കേതിക ശാസ്ത്ര സർവകലാശാല വൈസ് ചാൻസിലർ കെ. ശിവപ്രസാദ് നിർവഹിച്ചു. കോളജ് സെക്രട്ടറി ബിനോയ് തോമസ് മണ്ണഞ്ചേരി, ട്രഷറർ ബിനു കെ. വർഗീസ്, ഡയറക്ടർ ഷാജൻ കുര്യാക്കോസ്, പ്രിൻസിപ്പൽ ഇൻ ചാർജ് പ്രഫ. ജോണി ജോസഫ്, പ്രഫ. ലീന തോമസ് എന്നിവർ പങ്കെടുത്തു.