കുട്ടിയെ പുഴയിലെറിഞ്ഞു കൊന്നുവെന്ന കേസ്: ബന്ധുവായ സ്ത്രീയെ വെറുതെ വിട്ടു
1548602
Wednesday, May 7, 2025 4:07 AM IST
കൊച്ചി: നാലു വയസുകാരിയെ മണലിപ്പുഴയിലെറിഞ്ഞ് കൊന്നുവെന്ന കേസില്‍ ബന്ധുവായ സ്ത്രീയെ സംശയത്തിന്റെ ആനുകൂല്യത്തില്‍ ഹൈക്കോടതി വെറുതെവിട്ടു. ഒല്ലൂര്‍ സ്വദേശിനി ശൈലജയുടെ ജീവപര്യന്തം തടവുശിക്ഷയാണ് ജസ്റ്റീസ് പി.ബി. സുരേഷ് കുമാര്‍, ജസ്റ്റീസ് ജോബിന് സെബാസ്റ്റ്യന്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് റദ്ദാക്കിയത്.
തൃശൂര്‍ ജില്ലാ സെഷന്‍സ് കോടതി വിധിക്കെതിരെ ശൈലജ നല്കിയ അപ്പീല്‍ അനുവദിച്ചാണ് ഉത്തരവ്. ശാസ്ത്രീയ പരിശോധനകള്‍ കൊലപാതകത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെങ്കിലും സാഹചര്യത്തെളിവുകള്‍ മാത്രമുള്ള കേസ് പ്രോസിക്യൂഷന് സംശയാതീതമായി തെളിയിക്കാനായില്ലെന്ന് കോടതി വിലയിരുത്തി. പോലീസ് തുടരന്വേഷണം നടത്തിയത് തെളിവുകള്‍ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ്.
സംഭവത്തിന് തൊട്ടുമുമ്പ് ഹര്‍ജിക്കാരിയെ കുട്ടിക്കൊപ്പം കണ്ടുവെന്ന് മൊഴി നല്കിയ ആളെ സാക്ഷിയാക്കിയത് മൂന്നു വര്‍ഷത്തിനു ശേഷമാണെന്നും കോടതി വ്യക്തമാക്കി. 2016 ഒക്ടോബര്‍ 12ന് ഉച്ചയ്ക്കായിരുന്നു സംഭവം. മേബയെന്ന കുട്ടിയുടെ മുത്തച്ഛന്റെ സഹോദരിയാണ് പ്രതി ചേര്‍ക്കപ്പെട്ടിരുന്ന ശൈലജ. സഞ്ചയന ചടങ്ങ് നടന്നിരുന്ന തൊട്ടടുത്തുള്ള ബന്ധുവീട്ടില്‍ വച്ചാണ് കുട്ടിയെ കാണാതായത്. മറ്റു കുട്ടികള്‍ക്കൊപ്പം മേബയെ കളിക്കാന്‍ വിട്ടശേഷം മാതാപിതാക്കള്‍ വീട്ടിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് സംഭവം.
തെരച്ചിലില്‍ കുട്ടിയെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സ്ഥലത്തുണ്ടായിരുന്ന ശൈലയ്ക്കെതിരെ വീട്ടുകാര്‍ സംശയം ഉന്നയിക്കുകയായിരുന്നു. നേരത്തെ ഒരു സ്വര്‍ണ അരഞ്ഞാണം കാണാതായതിന് ഹര്‍ജിക്കാരിയെ വീട്ടുകാര്‍ ചോദ്യം ചെയ്തിരുന്നു.
ഹര്‍ജിക്കാരി ഒരു അനാശാസ്യ കേസില്‍ ഉള്‍പ്പെട്ടതിന്റെ പേരില്‍ അകറ്റി നിര്‍ത്തുകയും ചെയ്തിരുന്നു. ഇതിന്റെ വിരോധത്തില്‍ കുട്ടിയെ കൊലപ്പെടുത്തിയെന്നായിരുന്നു ആരോപണം. എന്നാല്‍ ഇത് കുറ്റകൃത്യത്തിന് ശക്തമായ പ്രേരണയായി കാണാനാകില്ലെന്ന് കോടതി പറഞ്ഞു.