എസ്എൻ ജംഗ്ഷൻ-പൂത്തോട്ട നാലുവരിപ്പാത: നോട്ടിഫിക്കേഷൻ അയച്ചു
1548578
Wednesday, May 7, 2025 3:38 AM IST
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ എസ്.എൻ. ജംഗ്ഷൻ-പൂത്തോട്ട റോഡ് നാലുവരിയാക്കുന്നതിനുള്ള നടപടികൾ ജില്ലാ ഭരണകൂടം തുടങ്ങി. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് 11(1) നോട്ടിഫിക്കേഷൻ നടത്തുന്നതിന് ജില്ലാ കളക്ടറേറ്റിൽ നിന്ന് റവന്യൂ വകുപ്പിലേയ്ക്ക് അയച്ചതായി കെ. ബാബു എംഎൽഎ അറിയിച്ചു.
11(1) നോട്ടിഫിക്കേഷൻ കഴിഞ്ഞാൽ പൂർണമായ സർവേയും വസ്തുവിന്റെയും കെട്ടിടങ്ങളുടെയും ചമയങ്ങളുടെയും വില നിർണയം ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റുകൾ നടത്തും. തുടർന്ന് ഒരു വർഷത്തിനുള്ളിൽ 90(1) നോട്ടിഫിക്കേഷൻ നടത്തും. അതുകഴിഞ്ഞ് ബന്ധപ്പെട്ട രേഖകൾ ഹാജരാക്കുന്ന മുറയ്ക്ക് നഷ്ടപരിഹാര തുക നൽകും.
ആദ്യം എറ്റെടുക്കുവാൻ തീരുമാനിച്ചിരുന്ന 12.34 ഹെക്ടർ ഭൂമി, 13.20 ഹെക്ടറായി വർധിച്ചിട്ടുണ്ട്.
സ്ഥലപരിശോധനയിൽ പ്രാഥമിക അലൈൻമെന്റിൽ വരുത്തിയ വ്യത്യാസങ്ങൾക്കനുസൃതമായി അതിർത്തി കല്ലുകൾ സ്ഥാപിച്ച ശേഷം ബസ് ബേകൾ, ജംഗ്ഷൻ ഇംപ്രൂവ്മെന്റ് വർക്കുകൾ, റോഡ് സേഫ്റ്റി വർക്കുകൾ കൂടി ഉൾപ്പെടുത്തുവാൻ വീണ്ടും അലൈൻമെന്റ് റിവിഷൻ നടത്തിയതായും എംഎൽഎ അറിയിച്ചു.