ചോദിക്കാന്‍ ആളില്ല; പിണറായിക്ക് എന്തും നടത്താമെന്ന നിലപാട്: രമേശ് ചെന്നിത്തല
1548606
Wednesday, May 7, 2025 4:19 AM IST
കൊച്ചി: ചോദിക്കാനും പറയാനും പാര്‍ട്ടിയില്‍ ആളില്ലാത്തതിനാല്‍ എന്തു കൊള്ളയും നടത്താമെന്ന നിലപാടാണ് പിണറായി വിജയനെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. കെപിസിസി ആഹ്വാന പ്രകാരം മുഖ്യമന്തിയുടെ രാജി ആവശ്യപ്പെട്ട് ജില്ലാ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച മാര്‍ച്ച് കാക്കനാട് കളക്ടറേറ്റിന് മുന്നില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിണറായി പാര്‍ട്ടി സെക്രട്ടറി ആയിരുന്നപ്പോള്‍ വി.എസ്. അച്യുതാനന്ദനെയെങ്കിലും ഭയമുണ്ടായിരുന്നു. എന്നാല്‍ ഇന്നതില്ല. എന്തു ചെയ്താലും ചോദിക്കാനും പറയാനും ആളില്ലാത്ത അവസ്ഥയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലുള്ളതെന്നും ചെന്നിത്തല പറഞ്ഞു.
പാര്‍ട്ടിയിലും ഭരണത്തിനും ഏകാധിപത്യവും സര്‍വാധിപത്യവും നടപ്പാക്കാനാണ് പിണറായി ശ്രമിക്കുന്നത്. കേരള ചരിത്രത്തില്‍ ഇന്നേവരെ ഇല്ലാത്ത അഴിമതിയാണ് പിണറായി നടത്തുന്നത്. ബ്രാഞ്ച് സെക്രട്ടറി മുതല്‍ പിണറായി വിജയന് വരെ എല്ലാവരും സമ്പത്ത് വാരിക്കൂട്ടുകയാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടി കൊണ്ടുവന്ന തെറ്റുതിരുത്തല്‍ രേഖ ആദ്യം വേണ്ടത് മുഖ്യമന്ത്രിക്കാണെന്നും ചെന്നിത്തല പറഞ്ഞു.
മാസപ്പടി കേസില്‍ സിഎംആര്‍എല്‍ നല്കിയ പണം ആര്‍ക്കാണ് കൊടുത്തത്. ഇതുവരെ ഒരു സേവനവും നല്‍കിയിട്ടില്ല. എസ്എഫ്ഐഒ അന്വേഷണം വന്നപ്പോള്‍ മുഖ്യമന്ത്രിക്ക് മിണ്ടാട്ടമില്ല. ഇതിന് വെള്ളപൂശാന്‍ പാര്‍ട്ടി സെക്രട്ടറി അടക്കമുള്ളവര്‍ മുന്നോട്ടുവരുന്നത് ആ കസേരയില്‍ തുടരാനുള്ള മോഹം കൊണ്ടാണ്. പാര്‍ട്ടിയെയും സര്‍ക്കാറിനെയും തന്റെ അധീനതയില്‍ നിര്‍ത്തിക്കൊണ്ട് പിണറായി നടത്തുന്ന അഴിമതി കണ്ടില്ലെന്ന് നടിക്കാന്‍ കേരളം തയാറല്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. എഐസിസി സെക്രട്ടറി റോജി എം. ജോണ്‍ എംഎല്‍എ, കെപിസിസി വൈസ് പ്രസിഡന്റുമാരായ വി.ജെ. പൗലോസ്, വി.പി. സജീന്ദ്രന്, ജനറല്‍ സെക്രട്ടറിമാരായ എം. ലിജു,
ബി.എ.അബ്ദുള്‍ മുത്തലിബ്, എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, ടി.ജെ. വിനോദ്, എല്‍ദോസ് കുന്നപ്പള്ളി നേതാക്കളായ അജയ് തറയില്‍, എന്‍. വേണുഗോപാല്‍, കെ.പി. ധനപാലന്, ജയ്സണ്‍ ജോസഫ്, മനോജ് മൂത്തേടന്, സേവിയര്‍ തായങ്കേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.
photo: കെപിസിസി ആഹ്വാന പ്രകാരം മുഖ്യമന്തിയുടെ രാജി ആവശ്യപ്പെട്ട് കാക്കനാട് കളക്ട്രേറ്റിന് മുന്നില്‍ സംഘടിപ്പിച്ച മാര്‍ച്ചില്‍ പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായപ്പോള്‍.