കരുമാലൂരിൽ ഭരണ പ്രതിസന്ധി രൂക്ഷം
1548583
Wednesday, May 7, 2025 3:38 AM IST
കരുമാലൂർ: കരുമാലൂർ പഞ്ചായത്തിൽ ഭരണ പ്രതിസന്ധി രൂക്ഷം. കരുമാലൂർ പഞ്ചായത്തിലെ ഭരണ പ്രതിസന്ധിയെ തുടർന്നു പൊതുജനത്തിന് അത്യാവശ്യ സേവനങ്ങൾ ലഭിക്കുന്നില്ലെന്നും വ്യാപക പരാതി.എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ കഴിഞ്ഞ ഡിസംബറിൽ നടന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ് മാറ്റത്തോടെയാണ് പ്രതിസന്ധിക്കു തുടക്കമെന്നാണ് ആക്ഷേപം. 20 അംഗം ഭരണസമിതിയിൽ എൽഡിഎഫ് -9, യുഡിഎഫ് -9, സ്വതന്ത്രൻ -1, ബിജെപി -1 എന്നിങ്ങനെയാണ് കക്ഷിനില. ഇതിൽ സ്വതന്ത്രന്റെ പിന്തുണ യുഡിഎഫിനാണ്. നേതൃമാറ്റസമയത്ത് യുഡിഎഫ് അംഗത്തിന്റെ പിന്തുണ എൽഡിഎഫിനു ലഭിച്ചിരുന്നു.
എന്നാൽ നേതൃമാറ്റത്തിനു ശേഷം ഭരണകക്ഷിയിലെ ചില അംഗങ്ങൾ പ്രതിപക്ഷത്തോടൊപ്പം ചേർന്നു പ്രവർത്തിക്കുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.
മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പബ്ലിക് സ്ക്വയർ പൊതുജന പരാതി പരിഹാര അദാലത്തിന്റെ കരുമാലൂർ പഞ്ചായത്ത്തല സംഘാടക സമിതിയോഗത്തിൽ നിന്നു പ്രതിപക്ഷ അംഗങ്ങളോടൊപ്പം ഭരണപക്ഷത്തെ മൂന്ന് പഞ്ചായത്ത് അംഗങ്ങളും പങ്കെടുക്കാതെ വിട്ടു നിന്ന നടപടിയും വിവാദമായിരിക്കുകയാണ്.
സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് കളമശേരി മണ്ഡലത്തിലെ നഗരസഭാ-പഞ്ചായത്തുകൾ കേന്ദ്രീകരിച്ചു മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'പബ്ലിക് സ്ക്വയർ' - പൊതുജന പരാതി പരിഹാര അദാലത്തിന്റെ കരുമാല്ലൂർ പഞ്ചായത്ത് തല സംഘാടക സമിതി യോഗത്തിൽ നിന്നും പ്രതിപക്ഷത്തോടൊപ്പം മുൻ പഞ്ചായത്ത് പ്രസിഡന്റും വിട്ടു നിന്നു.
സിപിഎം കളമശേരി ഏരിയ കമ്മിറ്റി അംഗവും മഹിളാ അസോസിയേഷൻ നേതാവുമായ ശ്രീലത ലാലുവാണ് പഞ്ചായത്തിലെ ഭരണമാറ്റം മുതലുള്ള തർക്കത്തിന്റെ ഭാഗമായി മന്ത്രിയുടെ പരിപാടിയും ബഹിഷ്കരിച്ചത്. മന്ത്രി പി. രാജീവിന്റെ മണ്ഡലത്തിലെ എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ നടക്കുന്ന ഭരണപ്രതിസന്ധി ഇതോടെ വലിയ ചർച്ചയായിരിക്കുകയാണ്.