മണീടിൽ അനധികൃത ചെങ്കൽ ഖനനം
1548591
Wednesday, May 7, 2025 3:54 AM IST
പിറവം: മണീട് ഏഴക്കരനാട്ടിലെ അനധികൃത ചെങ്കൽ ഖനനം പോലീസ് നിർത്തിവയ്പ്പിച്ചു. ചെങ്കല്ലുവെട്ടിയെടുക്കാനും കൊണ്ടുപോകുവാനും ഉപയോഗിച്ചിരുന്ന നാല് ട്രാക്ടറുകളും രണ്ട് ലോറികളും മണ്ണ് മാറ്റാൻ ഉപയോഗിച്ചിരുന്ന ജെസിബിയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ലോറികളിലൊന്ന് കല്ല് കയറ്റിയിരുന്നതും മറ്റൊന്ന് മണ്ണ് കയറ്റിയിരുന്നതുമാണ്. ഇന്നലെ രണ്ടോടെയാണ് പോലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചത്. ഏഴക്കരനാട് പള്ളിക്ക് സമീപം അമ്പലംതകിടി ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള നാലേക്കറോളം വരുന്ന സ്ഥലത്താണ് ഖനനം നടത്തിയിരുന്നത്.
ചെങ്കൽ ഖനനത്തിനുള്ള യാതൊരു അനുമതിയുമില്ലാതെയാണ് വലിയ തോതിൽ ഖനനം നടത്തിയിരുന്നതെന്ന് രാമമംഗലം പോലീസ് സ്റ്റേഷൻ ഓഫീസർ എസ്. സജികുമാർ പറഞ്ഞു.
അനധികൃതമായി എം സാൻഡ് കടത്തിയ രണ്ട് ലോറികളും പോലീസ് പിടികൂടിയിട്ടുണ്ട്. പിടിച്ചെടുത്ത വാഹനങ്ങൾ റവന്യു വകുപ്പിന് നൽകുമെന്ന് പോലീസ് പറഞ്ഞു.