മഴക്കാലപൂര്‍വ ശുചീകരണം പാളി : തീരം ആശങ്കയില്‍
1548603
Wednesday, May 7, 2025 4:07 AM IST
കൊച്ചി: മഴക്കാല പൂര്‍വശുചീകരണ പ്രവര്‍ത്തനങ്ങള്‍ പാളിയതോടെ തീരദേശം ആശങ്കയില്‍. പുത്തന്‍തോട് മുതല്‍ ബീച്ച് റോഡ് വരെയുള്ള പ്രദേശങ്ങളില്‍ 15നകം പൂര്‍ത്തീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഉറപ്പ് നല്കിയ ജോലികളാണ് സമയപരിധി അവസാനിക്കാറായിട്ടും ആരംഭിക്കാത്തത്. ഇതോടെ ഈ മഴക്കാലവും വെള്ളത്തില്‍ കഴിയേണ്ടി വരുമോയെന്ന ആശങ്കയിലാണ് തീരവാസികള്‍.
കൊച്ചി ചെല്ലാനം ജനകീയ വേദിയുടെ നേതൃത്വത്തില്‍ ഏഴ് തവണയാണ് ജില്ലാ കളക്ടറെ നേരില്‍കണ്ട് ആശങ്ക അറിയിച്ചത്. ജിയോ ബാഗ് അടക്കമുള്ള സംരക്ഷണ കാര്യങ്ങള്‍ അറ്റകുറ്റപ്പണി നടത്തുമെന്നും പുറമ്പോക്ക് തോട് വൃത്തിയാക്കുമെന്നുമാണ് കളക്ടര്‍ ഇവര്‍ക്ക് ഉറപ്പ് നല്‍കിയത്.
ആറ് തവണ ആശങ്ക അറിയിച്ചിട്ടും പണികള്‍ ആരംഭിക്കാതെ വന്നതോടെ കഴിഞ്ഞ മാസം 11ന് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചാണ് അവസാനമായി പ്രദേശവാസികള്‍ കളക്ടറെ കണ്ടത്. അന്നും ഇതേ ഉറപ്പ് നല്കി മടക്കി അയയ്ക്കുകയായിരുന്നു.
തിര തടയാന്‍ ജീര്‍ണിച്ച ജിയോ ബാഗുകള്‍
പുത്തന്‍തോട്, കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ്, മാനാശേരി, സൗദി, ബീച്ച് റോഡ് തുടങ്ങിയ പ്രദേശങ്ങളിലാണ് കടലാക്രമണം രൂക്ഷം. പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള ജിയോ ബാഗുകള്‍ ദ്രവിച്ച നിലയിലാണ്. പലതിലും മണ്ണ് ഇല്ല. ഏതാനും ചിലയിടങ്ങളില്‍ ഇവ സ്ഥാപിക്കുമെന്ന് അറിയിച്ചെങ്കിലും ഇനിയും സ്ഥാപിച്ചിട്ടില്ല.
നിലവില്‍ കടലാക്രമണം രൂക്ഷമായാല്‍ പ്രദേശത്തെ വീടുകള്‍ പതിവുപോലെ വെള്ളത്തിലാകുന്ന അവസ്ഥയിലാണ്. വെള്ളം ഒഴുകിപ്പോകുന്ന പുറമ്പോക്ക് തോടുകള്‍ മണ്ണ് നിറഞ്ഞ നിലയിലാണ്.
ഇവ അടിയന്തരമായി നീക്കം ചെയ്തില്ലെങ്കില്‍ വെള്ളക്കെട്ട് രൂക്ഷമാകുമെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
ആശങ്കയില്‍ കുടുംബങ്ങള്‍
പുത്തന്‍തോട് മുതല്‍ ബീച്ച് റോഡ് വരെയുള്ള ആയിരക്കണക്കിന് കുടുംബങ്ങൾ ആശങ്കയിലാണ്. വീടുകള്‍ വെള്ളത്തിലാകുന്നതടക്കമുള്ള നാശനഷ്ടങ്ങള്‍ ഇനിയും താങ്ങാനാകുന്നതല്ലെന്ന് ഇവർ പറയുന്നു. പ്രദേശം നേരിട്ട് സന്ദര്‍ശിക്കാമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിരുന്നെങ്കിലും ഇതുവരെ ഇവിടേക്ക് എത്തിയിട്ടില്ല.
കടലാക്രമണം ഉണ്ടായ ശേഷം കളക്ടറെ ഇവിടെ പ്രവേശിപ്പി ക്കില്ല എന്ന നിലപാടിലാണ് പ്രദേശവാസികള്‍. ചെല്ലാനത്ത് തടയണ സ്ഥാപിച്ചതിന് പിന്നാലെ 2022 മുതലാണ് പ്രദേശത്ത് കടലാക്രമണം രൂക്ഷമായത്.