പൊതുനിരത്തിൽ മാലിന്യ നിക്ഷേപം: പിഴ ഈടാക്കി
1548579
Wednesday, May 7, 2025 3:38 AM IST
പറവൂർ : ചേന്ദമംഗലം ഗ്രാമപഞ്ചായത്തിലെ പൊതു ഇടങ്ങളിൽപ്ലാസ്റ്റിക് മാലിന്യംനിക്ഷേപിച്ചതിനും മാലിന്യം കത്തിച്ചതിനും കച്ചവട സ്ഥാപനങ്ങളിൽ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ കണ്ടെത്തുകയും ചെയ്ത കുറ്റത്തിന് എൻഫോയ്സ്മെന്റ് 46 പേരിൽ നിന്നായി 1.24 ലക്ഷം രൂപ പിഴ ഈടാക്കിയതായി പഞ്ചായത്ത് പ്രസിഡന്റ് ലീന വിശ്വൻ, സെക്രട്ടറി ഇൻ ചാർജ് എം.എച്ച്. ഷബീന എന്നിവർ അറിയിച്ചു.
മങ്കുഴിപ്പാടം, കല്ലുപാലം, ചാലിപ്പാലം എന്നിവിടങ്ങളിലെ വഴിയോരങ്ങളിൽ മാലിന്യം നിക്ഷേപിച്ചവർക്ക് 15,000 രൂപയും എൻഫോയ്സ്മെന്റ് പിഴ ചുമത്തുകയും നിക്ഷേപിച്ച മാലിന്യം അവരുടെ സ്വന്തം ചെലവിൽ നീക്കം ചെയ്യാനുള്ള നടപടിയും എടുത്തിട്ടുണ്ട്. മാലിന്യ മുക്തം നവകേരളത്തിന്റെ ഭാഗമായി ഇന്റേണൽ വിജിലൻസ് സ്ക്വാഡ് വിവിധ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ പ്ലാസ്റ്റിക് മാലിന്യം കത്തിച്ച നാല് സ്കൂളുകൾക്കെതിരെ 5,000 രൂപ വീതം പിഴ ചുമത്തിയിട്ടുണ്ട്.
ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡും പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തുകയും, നിയമ ലംഘനം നടത്തിയവർക്കെതിരെ നടപടി സ്വീകരിച്ചു വരുകയാണ്. വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യ സംസ്കരണ സംവിധാനം ഏർപ്പെടുത്താത്തവർക്കെതിരേയും, ഹരിത കർമസേനക്ക് യൂസർഫീ നൽകുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരേയും പഞ്ചായത്ത് നടപടി ആരംഭിച്ചിട്ടുണ്ട്.