യുവതി വാടകവീട്ടിൽ മരിച്ചനിലയിൽ
1548609
Wednesday, May 7, 2025 4:19 AM IST
ആലുവ: യൂബർ ടാക്സി ഡ്രൈവർക്കൊപ്പം താമസിച്ചിരുന്ന യുവതിയെ കടുങ്ങല്ലൂരിലെ വാടക വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ഇടുക്കി ഉടുന്പന്നൂർ പുത്തൻപുരയിൽ ചന്ദ്രന്റെ മകൾ ശരണ്യ(31)യെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
പടിഞ്ഞാറെ കടുങ്ങല്ലൂർ നെടുമാലി നന്പൂതിരിമഠത്തിൽ ഷെരീഫ് എന്നയാളുടെ വാടകക്കെട്ടിടത്തിലെ ഒന്നാം നിലയിൽ യൂബർ ടാക്സി ഡ്രൈവറായ കുട്ടമശേരി സ്വദേശി മുഹ്സിനൊപ്പമാണ് കഴിഞ്ഞ ഒരു മാസമായി ശരണ്യ താമസിച്ചിരുന്നത്. തിങ്ക ളാഴ്ച രാത്രി 11ഓടെ യൂബർ ഓട്ടം കിട്ടിയതിനാൽ പുറത്തുപോയെന്നും ശരണ്യ വീട്ടിലുണ്ടായിരുന്നതായും മുഹ്സിൻ പോലീസിന് മൊഴി നൽകി.
ഇന്നലെ വൈകിട്ട് അഞ്ചോടെ ഫോണ് വിളിച്ചിട്ടും എടുക്കാതിരുന്നതിനെ തുടർന്ന് സുഹൃത്ത് വന്ന് നോക്കിയപ്പോഴാണ് കിടപ്പുമുറിയിലെ തറയിൽ ശരണ്യയെ മരിച്ചനിലയിൽ കണ്ടെത്തിയത്.
ദന്പതികളാണെന്ന പേരിലാ ഇരുവരും വാടകയ്ക്ക് വീടെടുത്തത്. എന്നാൽ 13 വർഷം മുന്പ് ഇടപ്പള്ളി സ്വദേശിയായ രാജേഷ് എന്നയാളുമായി വിവാഹം കഴിഞ്ഞതാണെന്നും ഈ ബന്ധത്തിൽ ശരണ്യക്ക് രണ്ടു മക്കളുള്ളതായും പോലീസ് പറഞ്ഞു.
കൈയിൽ മുറിവ് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.