വിദ്യാഭ്യാസ ജ്യോതി : ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കള്‍ക്ക് ഇനി സൗജന്യ പഠനം
1548858
Thursday, May 8, 2025 4:13 AM IST
കൊച്ചി: ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികള്‍ക്ക് സൗജന്യ വിദ്യഭ്യാസം ഉറപ്പുവരുത്തുന്ന പദ്ധതിക്ക് തുടക്കമിട്ട് സംസ്ഥാന സര്‍ക്കാര്‍. ജ്യോതി എന്ന പേരില്‍ ആരംഭിച്ച പദ്ധതി ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കളില്‍ മൂന്നു മുതല്‍ ആറ് വയസു വരെയുള്ള മുഴുവന്‍ പേരെയും അങ്കണവാടിയിലും, ആറ് വയസിന് മുകളിലുള്ളവരെ സ്കൂളുകളിലേക്കും എത്തിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്.
സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കാക്കനാട് കിന്‍ഫ്ര കണ്വന്ഷന് സെന്ററില്‍ നടന്ന ജില്ലാതല അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
ഇത് നാടിന്റെ ഉത്തരവാദിത്വമായി കാണണം. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പരിധിയിലുള്ള കുട്ടികളുടെ വിദ്യാഭ്യാസനിലയെ കുറിച്ചുള്ള വിദ്യാഭ്യാസ രജിസ്റ്റര്‍ തയാറാക്കണം. അതത് സ്ഥലങ്ങളിലെ സ്കൂളുകളും അധ്യാപകരും പ്രത്യേക താത്പര്യത്തോടെ ഇടപെടുകയും ഇതര സംസ്ഥാന തൊഴിലാളികളുടെ കുടുംബങ്ങളില്‍ സന്ദര്‍ശിക്കുകയും കുട്ടികളെ സ്കൂളുകളിലേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയും വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാംസ്കാരിക വിദ്യാഭ്യാസ ഏകോപനത്തിന് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായാണ് ജ്യോതി പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. ഏകദേശം 35 ലക്ഷം അതിഥി തൊഴിലാളികളാണ് സംസ്ഥാനത്തുള്ളത്.