പേ വിഷബാധയുള്ള നായയുടെ കടിയേറ്റു : കുട്ടിയുൾപ്പെടെ മൂന്നു പേർക്ക്
1548601
Wednesday, May 7, 2025 4:07 AM IST
കൊച്ചി: അയ്യപ്പന്‍കാവില്‍ പേ വിഷബാധയുള്ള നായയുടെ ആക്രമണം. കുട്ടിയുൾപ്പെടെ മൂന്ന് പേർക്കും തെരുവുനായ്ക്കള്‍ക്കും കടിയേറ്റു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. കടിച്ച നായ കഴിഞ്ഞ ദിവസം ചത്തു. കടിയേറ്റ മൂന്നു പേർക്കും വാക്സിന് നല്കി.
കടിയേറ്റ തെരുവുനായ്ക്കളെ പിടികൂടി ബ്രഹ്മപുരത്തെ എബിസി സെന്ററില്‍ എത്തിച്ചു. കോര്പറേഷന് പരിധിയില്‍ 20,000 നായ്ക്കള്‍ ഉണ്ടെന്നാണ് ലഭ്യമായ കണക്ക്. ഇതില്‍ 2,000 നായ്ക്കള്‍ക്ക് മാത്രമേ പേ വിഷബാധയ്ക്കുള്ള കുത്തിവയ്പ് എടുത്തിട്ടുള്ളൂ.
വന്ധ്യംകരണം നടത്തിയിട്ടുള്ളതാകട്ടെ 8400 തെരുവുനായ്ക്കളിലും. നായ്ക്കളെ വന്ധ്യംകരിക്കാനായി ബ്രഹ്മപുരത്ത് ഒരു എബിസി സെന്റര്‍ മാത്രമാണുള്ളത്. ശസ്ത്രക്രിയയ്ക്കാകട്ടെ കോവലം ഒരു മേശയും. ഈ സൗകര്യത്തില്‍ ദിവസേന നാല് നായ്ക്കളെ മാത്രമേ വന്ധ്യംകരിക്കാനാകൂ. സൗകര്യം വര്‍ധിപ്പിക്കണമെന്ന ആവശ്യം കാലങ്ങളായി ഉണ്ടെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല.
നിലവില്‍ നാല് ഡോഗ് ക്യാച്ചര്മാരാണുള്ളത്. ഇത് 12 ആക്കി ഉയര്‍ത്തണമെന്നാണ് ആവശ്യം. പരിശീലനം ലഭിച്ച ഡോഗ് ക്യാച്ചര്‍മാരെ ലഭിക്കാനായി ഗോവയിലെ ഏജന്‍സിയുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
തെരുവുനായ്ക്കളുടെ ശല്യം വര്‍ധിച്ചുവരുന്ന 10,000 തെരുവ് നായ്ക്കള്‍ക്കു പേവിഷ പ്രതിരോധ കുത്തിവയ്പ് നല്കാന് തീരുമാനമായിട്ടുണ്ടെന്നും വാക്സിനേഷന് ക്യാമ്പിനായി 30 ലക്ഷം വകയിരുത്തിയിട്ടുണ്ടെന്നും ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ ടി.കെ. അഷ്റഫ് പറഞ്ഞു.