വയോധികയ്ക്ക് തുണയായി പീസ് വാലി
1548596
Wednesday, May 7, 2025 4:07 AM IST
കോതമംഗലം: അരയ്ക്ക് താഴേക്ക് തളർന്ന് സംസാരശേഷി നഷ്ടപ്പെട്ട് മാനസിക വിഭ്രാന്തിയിൽ കഴിഞ്ഞിരുന്ന വയോധികയെ പീസ് വാലി ഏറ്റെടുത്തു. കറുകടം ശബരിയാർ കോളനിയിൽ വാടക വീട്ടിൽ കഴിഞ്ഞിരുന്ന ലീലാമ്മയ്ക്കാണ് പീസ് വാലി തുണയായത്. വയോധികയും മാനസിക പ്രയാസമനുഭവിക്കുന്ന മകനും മകളും അടങ്ങുന്ന കൊല്ലം സ്വദേശികളായ കുടുംബം രണ്ട് വർഷത്തോളമായി വാടക വീട്ടിൽ എത്തിയിട്ട്.
സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന മകൾക്ക് കിടപ്പുരോഗിയായ അമ്മയെയും സഹോദരനെയും പരിചരിക്കേണ്ടതിനാൽ മാസങ്ങളായി ജോലിക്കും പോകാൻ സാധിച്ചിരുന്നില്ല. പരിമിതമായ ഭക്ഷണം മാത്രം കഴിച്ച് ജീവൻ നിലനിർത്തി പോന്ന ഇവരുടെ ദയനീയവസ്ഥ പ്രദേശത്തെ പൊതുപ്രവർത്തകരാണ് പീസ് വാലിയെ അറിയിച്ചത്.
വിഷയം ആന്റണി ജോണ് എംഎൽഎയുടെ ശ്രദ്ധയിൽപ്പെടുത്തിയ പീസ് വാലി പ്രവർത്തകർ പോലീസിന്റെ ശിപാർശ ഉൾപ്പടെയുള്ള മേൽ നടപടികൾ സ്വീകരിച്ച് വയോധികയെ അടിയന്തരമായി ഏറ്റെടുക്കുകയായിരുന്നു. ആന്റണി ജോണ് എംഎൽഎ, പീസ് വാലി ഭാരവാഹികളായ ജോണ്സണ് ജോർജ്, പി.എം. അഷ്റഫ്, പൊതുപ്രവർത്തകനായ പി.കെ. മണിക്കുട്ടൻ എന്നിവർ നേതൃത്വം നൽകി.