മധ്യവയസ്കന്റെ മരണം കൊലപാതകം; പ്രതി അറസ്റ്റിൽ
1299131
Thursday, June 1, 2023 12:50 AM IST
വൈപ്പിൻ: അടിയേറ്റ് അവശനിലയിൽ കായൽതീരത്ത് കണ്ടെത്തിയ മധ്യവയസ്കൻ ചികിത്സയ്ക്കിടെ മരണമടഞ്ഞ സംഭവത്തിൽ സഹപ്രവർത്തകനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മന്ദം മാക്കനായിയിൽ താമസിക്കുന്ന കരുമാല്ലൂർ സ്വദേശി കളത്തിൽ സാബു വർഗീസ്(53) ആണ് മരിച്ചത്. സംഭവത്തെത്തുടർന്ന് കൊലപാതകത്തിന് കേസെടുത്ത ഞാറക്കൽ പോലീസ് സാബുവിനൊപ്പം നിർമാണ തൊഴിൽ ചെയ്തിരുന്ന മുരുക്കുംപാടം പുതുവൽ വിഷ്ണു(28)വിനെ അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച രാവിലെ മുരുക്കുംപാടത്ത് കായലോരത്തെ ഷെഡിലാണ് സാബു വർഗീസിനെ അവശനിലയിൽ കണ്ടത്. മുഖത്തും മറ്റും മുറിവുകളും ദേഹത്ത് തെരുവുനായ കടിച്ച പാടുകളും ഉണ്ടായിരുന്നു. ആളെ തിരിച്ചറിയാതിരുന്നതുകൊണ്ട് നാട്ടുകാർ പോലീസിൽ അറിയിക്കുകയും പോലീസെത്തി ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ചെവ്വാഴ്ച പുലർച്ചെയാണ് ഇയാൾ മരിച്ചത്.
പോലീസ് നടത്തിയ അന്വേഷണത്തെത്തുടർന്നാണ് മരണം കൊലപതകമാണെന്ന് തെളിഞ്ഞത്. ബാറിൽനിന്ന് ഞായറാഴ്ച മദ്യപിച്ചിറങ്ങിയ സാബുവും വിഷ്ണുവും തമ്മിൽ അടിപിടി നടന്നതായി പോലീസിനു വ്യക്തമായ തെളിവ് ലഭിച്ചു. തുടർന്ന് യുവാവിനെ തേടി പോലീസ് വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. അന്വേഷണത്തിൽ ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നതായി സൂചന ലഭിച്ചു. തുടർന്ന് പോലീസ് സംഘം തമിഴ്നാട്ടിൽനിന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊല്ലപ്പെട്ട സാബുവിന് കുറച്ചുനാൾ മുമ്പ് ഒരു അപകടം സംഭവിച്ചതിനാൽ പണിയെടുക്കാൻ പറ്റാത്ത സ്ഥിതിയിലായിരുന്നു. ഈ സാഹചര്യത്തിൽ മത്സ്യക്കച്ചവടം നടത്തുന്നതിനായി വിദേശത്തുള്ള മകൻ നൽകിയ 35,000 രൂപയുമായി വിഷ്ണുവിനെ കാണാനാണ് സാബു പറവൂർ മാക്കനായിയിൽനിന്ന് മുരുക്കുംപാടത്ത് എത്തിയതത്രേ. മദ്യപിച്ച് ഇരുവരും തമ്മിൽ വക്കേറ്റമുണ്ടായതോടെ സാബുവിനെ മാരകമായി പരിക്കേൽപ്പിച്ച വിഷ്ണു പരിസരത്തെ ഒരു ഷെഡിൽ ഉപേക്ഷിച്ച് കടന്ന് കളയുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി സംസ്കരിച്ചു. ഭാര്യ: സെൽവി. മകൻ: ജോമോൻ. മുനമ്പം ഡിവൈഎസ്പി എം.കെ. മുരളിയുടെ നേതൃത്വത്തിൽ സിഐ മാരായ എ.എൽ. യേശുദാസ്, യു.പി. വിപിൻ കുമാർ, എഎസ്ഐ മാരായ ഷാഹീർ, ബിജു എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.