കാറ്റിലും മഴയിലും കോതമംഗലത്ത് 1.10 കോടിയുടെ കൃഷിനാശം
1299134
Thursday, June 1, 2023 12:50 AM IST
കോതമംഗലം: മഴയ്ക്കൊപ്പം ഉണ്ടായ ശക്തമായ കാറ്റില്‍ താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ 1.10 കോടിയുടെ കൃഷിനാശം. ഏത്തവാഴ കര്‍ഷകരെയാണ് കാറ്റ് കണ്ണീരിലാഴ്ത്തിയത്. വീടുകള്‍ക്ക് നാശം ഉണ്ടായിട്ടില്ലെന്ന് റവന്യു വകുപ്പ് അധികൃതര്‍ പറഞ്ഞു.
ചൊവ്വാഴ്ച വൈകിട്ട് ശക്തമായ ഇടിമിന്നലോടെ ഉണ്ടായ കാറ്റില്‍ പതിനായിരക്കണക്കിന് ഏത്തവാഴകളാണ് നിലംപതിച്ചത്. കാറ്റില്‍ ഇലട്രിക് പോസ്റ്റുകൾ തകര്‍ന്ന് കെഎസ്ഇബിക്കും നാശനഷ്ടം ഉണ്ടായി. പ്രധാന റോഡുകളില്‍ ഉള്‍പ്പെടെ മരങ്ങള്‍ കടപുഴകി ഗതാഗത തടസവും നേരിട്ടിരുന്നു.
കോതമംഗലം നഗരസഭ, വാരപ്പെട്ടി, കോട്ടപ്പടി, പിണ്ടിമന, നെല്ലിക്കുഴി പഞ്ചായത്ത് പ്രദേശങ്ങളിലാണ് കാറ്റ് കാര്‍ഷിക മേഖലയ്ക്ക് നാശം ഉണ്ടാക്കിയത്. ഇരുനൂറോളം കര്‍ഷകരുടെ 26600 ഏത്തവാഴകളാണ് നിലംപതിച്ചത്. ഉദ്ദേശം 1.10 കോടി രൂപയുടെ പ്രാഥമിക നഷ്ടം കണക്കാക്കുന്നതായി കൃഷി വകുപ്പ് അധികൃതര്‍ പറഞ്ഞു. നഗരസഭ പ്രദേശത്താണ് കാറ്റിന്റെ താണ്ഡവം രൂക്ഷമായത്.
150 കര്‍ഷകരുടെ 12000 കുലച്ചതും 9000 കുലക്കാത്ത ഏത്തവാഴകളുമാണ് ഒടിഞ്ഞും കടപുഴകിയും നശിച്ചത്. വാരപ്പെട്ടി പഞ്ചായത്തില്‍ 25 കര്‍ഷകരുടെ 2500 കുലച്ചതും 2500 കുലക്കാത്തതുമായ ഏത്തവാഴകളാണ് നിലംപൊത്തിയത്.
20 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. നെല്ലിക്കുഴി പഞ്ചായത്തില്‍ ആറ് കര്‍ഷകരുടെ 100 കുലച്ചതും 150 കുലക്കാത്തതുമായ ഏത്തവാഴകള്ക്കായി 95000 രൂപയുടെ നഷ്ടം ഉണ്ടായി. പിണ്ടിമന പഞ്ചായത്തില്‍ ആറ് കര്‍ഷകരുടെ 150 കുലച്ചതും 100 കുലക്കാത്തതുമായ വാഴയും നാല് റബര്‍ മരങ്ങളും ഉള്‍പ്പെടെ ഒരു ലക്ഷത്തില്‍പ്പരം രൂപയുടെ നഷ്ടം സംഭവിച്ചു. കോട്ടപ്പടി പഞ്ചായത്തില്‍ രണ്ട് കര്‍ഷകരുടെ 100 ഏത്തവാഴകള്ക്കായി 40000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.