കളിയും ചിരിയുമായി സ്കൂളുകളിൽ പ്രവേശനോത്സവം ഇന്ന്
1299139
Thursday, June 1, 2023 12:51 AM IST
മൂവാറ്റുപുഴ: നവാഗതരുടെ കളിയും ചിരിയും ചിണുങ്ങലുമായി ഇന്ന് മുതൽ വിദ്യാലയങ്ങൾ വീണ്ടും സജീവമാകുന്നു. രണ്ട് മാസത്തെ വേനൽ അവധി ആഘോഷം കഴിഞ്ഞ് സ്കൂൾ ഇന്ന് പ്രവർത്തനം ആരംഭിക്കുമ്പോൾ പ്രവേശനോത്സവത്തിനുള്ള അവസാനവട്ട ഒരുക്കത്തിലാണ് അധ്യാപകരും പിടിഎ ഭാരവാഹികളും.
സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ആഴ്ചകൾക്ക് മുമ്പേ സ്കൂളുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. തൊപ്പിയും ബലൂണും മിഠായികളും അക്ഷരമാലകളും എല്ലാം ഒരുക്കി കുരുന്നുകളെ സ്വീകരിക്കാൻ കാത്തിരിക്കുകയാണ് വിദ്യാലയങ്ങൾ. കുരുന്നുകളെ അക്ഷര ലോകത്തേക്ക് പിച്ചവയ്പിക്കാൻ ചില സ്കൂളുകളിൽ കളികളും പാട്ടുകളും ഒരുക്കിയിട്ടുണ്ട്. പ്രവേശനോത്സവം കളർഫുൾ ആക്കാൻ മത്സരിക്കുകയാണ് അധ്യാപകരും പിടിഎയും. പ്രവേശനോത്സവത്തിന് എത്തുന്ന നവാഗതർക്ക് മധുരം നൽകുന്നതിനും സമ്മാനങ്ങൾ നൽകുന്നതിനും വിവിധ രാഷ്ട്രീയ-സാമൂഹിക -സാംസ്കാരിക - സഹകരണ സംഘങ്ങൾ എന്നിവയുടെ സഹകരണവും ഉറപ്പാക്കിയിട്ടുണ്ട്.
കൂത്താട്ടുകുളം
ഉപജില്ലാ
പ്രവേശനോത്സവം
കൂത്താട്ടുകുളം: കുരുന്നുകളെ വരവേൽക്കാൻ വിദ്യാലയങ്ങളൊരുങ്ങി. കൂത്താട്ടുകുളം ഉപജില്ലയിലെ 32 സ്കൂളുകളിലും ഒരുക്കങ്ങൾ പൂർത്തിയായി. ഉപജില്ലാതല പ്രവേശനോത്സവം കൂത്താട്ടുകുളം ഗവ. യുപി സ്കൂളിൽ നടക്കും.
ഒന്നാം ക്ലാസിൽ 100 കുട്ടികളും പ്രീ പ്രൈമറിയിലേക്ക് 170 കുട്ടികളും വിവിധ ക്ലാസുകളിലേക്ക് മുപ്പതോളം കുട്ടികളും പ്രവേശനം നേടിയിട്ടുണ്ട്. ഇന്ന് രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ നഗരസഭ അധ്യക്ഷ വിജയ ശിവൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. എല്ലാ വിദ്യാലയങ്ങളിലും പ്രവേശനോത്സവ ഗാനത്തിന്റെ അകമ്പടിയോടെയാണ് കുട്ടികളെ വരവേൽക്കുക.
പാഠപുസ്തകങ്ങളും യൂണിഫോമും ഉൾപ്പെടെ നേരത്തെതന്നെ വിതരണം പൂർത്തിയായിരുന്നു. സർക്കാർ സ്കൂൾ അറ്റകുറ്റപ്പണികൾക്കായി സമഗ്ര ശിക്ഷ കേരളം പദ്ധതിവഴി സർക്കാർ 5000 രൂപ വീതം ഗ്രാന്റ് അനുവദിച്ചിരുന്നു. പോസ്റ്റർ ഉൾപ്പെടെയുള്ള പ്രചരണ സാമഗ്രഹികളും അനുവദിച്ചിരുന്നു.