മാലിന്യനിര്‍മാര്‍ജന യജ്ഞത്തില്‍ എല്ലാവരും പങ്കാളികളാകണം: മന്ത്രി
1299142
Thursday, June 1, 2023 12:52 AM IST
കൊച്ചി: കളമശേരി നിയമസഭാ മണ്ഡലം മാലിന്യമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ ശുചിത്വത്തിന് ഒപ്പം കളമശേരി കാംപയിനിന്റെ ഭാഗമായി ഇന്നു മുതല്‍ അഞ്ചുവരെ നടക്കുന്ന മാലിന്യ നിര്‍മാര്‍ജന യജ്ഞത്തില്‍ എല്ലാവരും പങ്കാളികളാകണമെന്ന് മന്ത്രി പി. രാജീവ്. മന്ത്രിയുടെ നേതൃത്വത്തില്‍ കളമശേരി മണ്ഡലത്തില്‍ നടപ്പാക്കുന്ന കാംപയിനുമായി ബന്ധപ്പെട്ട് ജില്ലാ പ്ലാനിംഗ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനകീയ പങ്കാളിത്തത്തോടെ മണ്ഡലത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ മുതല്‍ കോളജുകള്‍ വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, റസിഡന്റ്സ് അസോസിയേഷനുകള്‍, നാഷണല്‍ സര്‍വീസ് സ്കീം, ഹരിതകര്‍മ സേന, കുടുംബശ്രീ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. വീടുകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ ശേഖരിച്ച് ഹരിതകര്‍മ സേന ഉള്‍പ്പെടെയുള്ളവര്‍ ബോധവത്കരണം നല്‍കും. നാലിന് മാസ് ക്ലീനിംഗ് ഡ്രൈവ് നടക്കും.
മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്ന പൊതുവിടങ്ങള്‍ കണ്ടെത്തി ഈ ദിവസം ശുചീകരിക്കും. വൃത്തിയാക്കിയ പൊതുയിടങ്ങളില്‍ ഓപ്പണ്‍ ജിമ്മുകള്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കും. പരിസ്ഥിതി ദിനത്തില്‍ വൃത്തിയാക്കിയ സ്ഥലങ്ങളില്‍ ചെടികളും മരങ്ങളും ഔഷധ സസ്യങ്ങളും നട്ടുപിടിപ്പിക്കും. റസിഡന്റ്സ് അസോസിയേഷനുകള്ക്കായിരിക്കും ഇതിന്റെ പരിപാലന ചുമതല. വൃത്തിയാക്കിയ സ്ഥലങ്ങളില്‍ വീണ്ടും മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് തടയാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ കാമറകള്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.