ആലുവയിൽ യുവാവ് കട തല്ലിപ്പൊളിച്ചു
1299144
Thursday, June 1, 2023 12:52 AM IST
ആലുവ: ഗുണ്ടാ പിരിവ് നൽകാത്തതിനെത്തുടർന്ന് യുവാവ് കമ്പിവടി ഉപയോഗിച്ച് കട തല്ലിപ്പൊളിച്ചു. ആലുവ റെയിൽവേ സ്റ്റേഷൻ ജംഗ്ഷനിൽ കായനാട്ട് ബിൽഡിംഗിലെ സി ക്ലാസ് കടയാണ് ഇന്നലെ വൈകിട്ട് 4.30 ഓടെ തല്ലിത്തകർത്തത്.
പോലീസ് സ്ഥലത്ത് എത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. ചൊവ്വാഴ്ച ഇതേ യുവാവ് കടയിൽ എത്തി പണം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് വ്യാപാരിയും യുവാവും തമ്മിൽ തർക്കവും നടന്നു. ഇതിന് പ്രതികാരമായിട്ടാവണം കമ്പിയുമായി എത്തിയെന്നാണ് കരുതുന്നത്.
ഇതിനിടെ ഇയാൾ മണ്ണെണ്ണ വിളക്കിൽ കടലാസ് നിറച്ച് തീകൊളുത്തി എറിയുകയും ചെയ്തു. തീ കെട്ടുപോയതിനാൽ വലിയ ദുരന്തം ഒഴിവായി്. ഈ യുവാവിനെ കഴിഞ്ഞ ഒരാഴ്ചയായി ഇവിടെ കാണാറുണ്ടെന്ന് വ്യാപാരികൾ പറഞ്ഞു. ഇവിടെ സ്ഥാപിച്ചിട്ടുള്ള രണ്ട് നിരീക്ഷണ കാമറകളിലെ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഒന്നര മിനിറ്റോളം അക്രമി അഴിഞ്ഞാടി. കായനാട്ട് ബിൽഡിംഗിന് പടിഞ്ഞാറ് വശത്തായി വർഷങ്ങളായി കള്ളുഷാപ്പ് പ്രവർത്തിക്കുന്നുണ്ട്. കെട്ടിടത്തിൻെറ പ്രവേശന കവാടത്തിലൂടെയാണ് ആവശ്യക്കാർ പോകുന്നത്. രാവിലെ മുതൽ കുടിക്കാൻ വരുന്നവരും കുടിച്ച് കഴിഞ്ഞവരും ഇവിടെ തമ്പടിച്ച് നിൽക്കും.
ഷാപ്പിലേക്ക് 20 മീറ്റർ നീളത്തിൽ വഴി ഉള്ളതിനാൽ പുകവലിക്കാനും മറ്റും ഇവിടെ യുവാക്കൾ കൂടാറുണ്ട്. സന്ധ്യയായാൽ ഗുണ്ടകളും പോക്കറ്റടിക്കാരും ഇതിനൊപ്പം ചേരുന്നതായി വ്യാപാരികൾ പറയുന്നു. എന്തെങ്കിലും അക്രമം ഉണ്ടായാൽ പോലീസും എത്തുന്നത് വളരെ വൈകിയാണെന്ന് പരാതിയുണ്ട്.