ഫാൽക്കൺ കന്പനി വാഹന പാർക്കിംഗ്, ടോയ്ലറ്റ് സൗകര്യങ്ങൾ നിർത്തുന്നു
1299146
Thursday, June 1, 2023 12:53 AM IST
കളമശേരി : ഫാൽക്കൺ ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് കമ്പനി വാഹന പാർക്കിംഗ് സൗകര്യവും ടോയ്ലറ്റ് സൗകര്യവും നിർത്തലാക്കുന്നതായി ഫാൽക്കൺ എംഡി എൻ.എ. മുഹമ്മദ് കുട്ടി ഫാൽക്കണിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പാർക്കിംഗ് സൗകര്യം മെച്ചപ്പെടുത്താൻ കഴിഞ്ഞ ഫെബ്രുവരി 28ന് കളക്ടർ വിളിച്ചു ചേർത്ത മീറ്റിംഗിലെ തീരുമാനപ്രകാരമാണ് ഫാൽക്കൺ ഒഴിഞ്ഞുകിടന്ന സ്ഥലത്ത് മണ്ണടിച്ച് നികത്താൻ ശ്രമിച്ചത്.അത് ഏലൂർ നഗരസഭ ചെയർമാനും സി പി എം ലോക്കൽകമ്മറ്റി സെക്രട്ടറിയും വാഹനങ്ങൾ തടഞ്ഞു പണിമുടക്കി. ഹൈക്കോടതിയുടെ സ്റ്റേ ഉണ്ടായിട്ടും പ്രവർത്തി നടത്താൻ അനുവധിച്ചില്ലെന്നും മുഹമ്മദ് കുട്ടി പറഞ്ഞു. മൺസൂൺ തുടങ്ങുന്നതിന് മുമ്പായി പാർക്കിംഗ് സൗകര്യമൊരുക്കാൻ കഴിഞ്ഞില്ലെങ്കിൾ കെഎസ്ഐഡിസിയിൽ നിന്നെടുത്ത രണ്ടു കോടി രൂപയുടെ ലോണിന്റെ ബാധ്യത കൂടി വരും. പ്രളയകാലത്തെ 46 കോടി കടത്തിലാണ് കമ്പനി നിലവിൽ പ്രവർത്തിക്കുന്നത്. ഇപ്പോഴത്തെ നിലയിൽ കമ്പനിക്ക് ഇത് കൂടി താങ്ങാൻ കഴിയില്ലെന്നും മുഹമ്മദ് കുട്ടി കൂട്ടിച്ചേർത്തു.
വ്യവസായ മന്ത്രി പി.രാജീവ്
നിയമപരമായ കാര്യങ്ങളേ ചെയ്യാൻ കഴിയു. എൻ.എ. മുഹമ്മദ് കുട്ടി എന്നെ ഇക്കാര്യത്തിൽ സമീപിച്ചിട്ടില്ല. എത്ര ശത്രുവാണെങ്കിലും വ്യവസായം കൊണ്ടുവരുന്നവരെ സ്വാഗതം ചെയ്യും. ഇനിയും അദ്ദേഹത്തിന് എന്നെ സമീപിക്കാം. എന്നെ കണ്ടു എന്ന് പറയുന്നത് ഇക്കാര്യത്തിനല്ല. നിയമപ്രകാരമുള്ള കാര്യങ്ങൾ കൃത്യമായി സർക്കാരും വ്യവസായ വകുപ്പും ചെയ്ത് കൊടുക്കുമെന്നും മന്ത്രി മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.