ആലുവ മഹിളാലയം കവലയിൽ നാലു വാഹനങ്ങൾ കൂട്ടിയിടിച്ചു; നാലു പേർക്ക് പരിക്ക്
1299379
Friday, June 2, 2023 12:40 AM IST
ആലുവ: ഇരുചക്രവാഹന യാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട മിനിവാൻ ആദ്യം ഒരു ഇരുചക്ര വാഹനത്തിലും എതിരേ വന്ന മറ്റൊരു ഇരുചക്ര വാഹനത്തിലും ഇടിച്ച ശേഷം നിർത്തിയിട്ടിരുന്ന കാറിന്റെ പിന്നിലിടിച്ച് മറിഞ്ഞു. അപകടത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാലു പേർക്ക് പരിക്ക്.
ഇന്നലെ വൈകിട്ട് അഞ്ചോടെ ആലുവ - പെരുമ്പാവൂർ ദേശസാത്കൃത റോഡിൽ മഹിളാലയം കവലയ്ക്ക് സമീപമാണ് അപകടം. ആലുവ ഭാഗത്തുനിന്നും വന്ന ഇരുചക്ര വാഹനം വലതുവശത്തെ ഐ ക്ലിനിക്കിലേക്ക് പെട്ടെന്ന് തിരിഞ്ഞപ്പോൾ പിന്നിൽ നിന്നും വന്ന പാർസൽ കമ്പനിയുടെ മിനിവാൻ അപകടത്തിൽപ്പെടുകയായിരുന്നു.
ആദ്യത്തെ ഇരുചക്ര വാഹനത്തിലും എതിർദിശയിൽ നിന്നും വന്ന മറ്റൊരു ഇരുചക്ര വാഹനത്തിലും ഇടിച്ച ശേഷം ഐ ക്ലിനിക്കിന് മുമ്പിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ പിന്നിൽ ഇടിച്ചാണ് വാൻ മറിഞ്ഞത്. രണ്ടാമത് ഇടിച്ച ഇരുചക്ര വാഹനയാത്രികരൻ മറിഞ്ഞ ലോറിയുടെ അടിയിൽപ്പെട്ടു. ഇയാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
പാഴ്സൽ ലോറി ഓടിച്ചിരുന്നത് അത്താണി സ്വദേശി ഷിബുവാണ്. ഇവരെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകടത്തെ തുടർന്ന് കുറേസമയം ആലുവ പെരുമ്പാവൂർ റോഡിൽ ഗതാഗത തടസം അനുഭവപ്പെട്ടു. പിന്നീട് വൈകിട്ട് ആറോടെ ക്രെയിൻ ഉപയോഗിച്ച് വാഹനം പൊക്കി മാറ്റിയതിനുശേഷമാണ് ഗതാഗതം പഴയ നിലയിലായത്.