അർഹതപ്പെട്ട അംഗീകാരം നേടിയെടുത്ത് റാണി വിരമിച്ചു
1299382
Friday, June 2, 2023 12:40 AM IST
ആലങ്ങാട്: വിരമിക്കാൻ നാലു ദിവസം മാത്രം ബാക്കി നിൽകെ നഷ്ടപ്പെട്ടു പോകേണ്ടിയിരുന്ന ബാങ്ക് മാനേജിംഗ് ഡയറക്ടർ സ്ഥാനം നിയമ വഴിയിലൂടെ പിടിച്ചു വാങ്ങി കൊങ്ങോർപ്പിള്ളി ബാങ്ക് എംഡിയായി കെ.ഡി. റാണി വിരമിച്ചു. 32 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന റാണിക്കു ഭരണസമിതിയും ജീവനക്കാരും ചേർന്നു യാത്രയയപ്പ് നൽകി.
രണ്ടുവർഷം മുൻപ് പഴയ മാനേജർ വിരമിച്ചപ്പോൾ യോഗ്യതയനുസരിച്ച് എൽഡിഎഫ് ഭരിക്കുന്ന കൊങ്ങോർപ്പിള്ളി ഫാർമേഴ്സ് സഹകരണബാങ്കിൽ കെ.ഡി. റാണിക്ക് എംഡിയായി സ്ഥാനക്കയറ്റം നൽകേണ്ടതായിരുന്നു. എന്നാൽ സിപിഎം പ്രദേശിക നേതാവിന്റെ എതിർപ്പു മൂലം പല കാരണങ്ങൾ പറഞ്ഞു സ്ഥാനക്കയറ്റം ഒഴിവാക്കി.
അതോടെ സിപിഎം അനുകൂല സഹകരണ സംഘം ജീവനക്കാരുടെ സംഘടന ബാങ്കിനു മുന്നിൽ സമരം നടത്താൻവരെ തീരുമാനമെടുത്തു. സ്ഥാനക്കയറ്റം നൽകാമെന്നു പറഞ്ഞു സിപിഎം ജില്ലാ നേതൃത്വം ഇടപെട്ടു ബാങ്കിനു മുന്നിലെ സമരം ഒഴിവാക്കുകയും ചെയ്തു. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും സ്ഥാനക്കയറ്റം ലഭിക്കാതെ വന്നതോടെയാണ് കെ.ഡി. റാണി കോടതിയെ സമീപിച്ചത്. കെ.ഡി.റാണി അനുകൂല വിധി നേടി എംഡി സ്ഥാനത്തെത്തി. വീണ്ടും സിപിഎം പ്രവർത്തകൻ പരാതി നൽകിയതിന്റെഅടിസ്ഥാനത്തിൽ ജോയിന്റ് റജിസ്ട്രാർ റാണിയെ സ്ഥാനക്കയറ്റം നൽകാതെ തരംതാഴ്ത്തി.
വിരമിക്കാൻ നാലു ദിവസം ബാക്കി നിൽക്കെ നടത്തിയ ഈ നടപടിക്കെതിരേ കോടതിയെ സമീപിച്ച് വീണ്ടും അനുകൂലവിധി നേടിക്കൊണ്ടാണു മെയ് 31 നു കൊങ്ങോർപ്പിള്ളി ഫാർമേഴ്സ് ബാങ്കിന്റെ എംഡിയായി കെ.ഡി. റാണി വിരമിച്ചത്.