വ്യവസായ മന്ത്രിക്കെതിരേ ആഞ്ഞടിച്ച് ഫാൽക്കൺ ഗ്രൂപ്പ്
1299386
Friday, June 2, 2023 12:40 AM IST
കളമശേരി: ഏലൂർ നഗരസഭയിലെ ഫാൽക്കൺ ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡിന്റെ പ്രശ്നങ്ങൾ സ്ഥലം എംഎൽഎ കൂടിയായ വ്യവസായ മന്ത്രി അറിഞ്ഞില്ല എന്ന പ്രസ്താവന ശരിയല്ലെന്ന് ഫാൽക്കൺ എംഡി എൻ.എ. മുഹമ്മദ് കുട്ടി.
കന്പനിയിലെ പ്രശ്ന ങ്ങളെപ്പറ്റി മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാർക്ക് പരാതി നൽകിട്ടുള്ളതും നേരിൽ ബോധിപ്പിച്ചിട്ടുള്ളതുമാണ്. കെഎസ്ഐഡിസിയിൽ നിന്ന് ലോൺ കിട്ടിയത് മന്ത്രിയുടെ ഒത്താശയോടെയല്ല. 400 കോടി ആസ്തിയുള്ള കമ്പനിക്ക് ആരും ലോൺ തരും. അത് മന്ത്രിയുടെ ഔദാര്യമല്ല.
വ്യവസായ സൗഹൃദത്തിന് മന്ത്രി ഇടപെട്ടാൽ മാത്രമേ കേരളത്തിലെ വ്യവസായ സംരഭകർക്ക് രക്ഷിക്കുകയുള്ളൂ എന്നാണോ മന്ത്രി പറയുന്നതെന്ന് മുഹമ്മദ് കുട്ടി ചോദിച്ചു. ഇക്കാര്യം മന്ത്രി വ്യക്തമാക്കണമെന്നും ഇന്നലെ കളമശേരിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ഫാൽക്കൺ എംഡി ആവശ്യപ്പെട്ടു.
വ്യവസായ സംരംഭകർ ആത്മഹത്യ ചെയ്യുമ്പോൾ ധനസഹായം നൽകുകയും പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയും ചെയ്യുന്ന സർക്കാർ സംവിധാനങ്ങൾക്ക് മാറ്റം വരണം.
അവർ ജീവിച്ചിരിക്കുമ്പോൾ തന്നെ സംരംഭകരെ സഹായിക്കാൻ കഴിയണം. പ്രശ്നങ്ങൾ അപ്പപ്പോൾ ഇടപെട്ട് നടപ്പിലാക്കാക്കി നടപടി സ്വീകരിക്കുന്ന മുഖ്യമന്ത്രി വ്യവസായ വളർച്ചക്കായി വകുപ്പ് ഏറ്റെടുക്കണമെന്നും മുഹമ്മദ് കുട്ടി ആവശ്യപ്പെട്ടു.
ഫാൽക്കണിൽ 100 ഓളം സ്ഥിരം തൊഴിലാളികളും, മറ്റ് ഗോഡൗണുകളിലായി 250ഓളം തൊഴിലാളികളും, കച്ചവടക്കാരുമുണ്ട്. ഇരുപത് ലക്ഷത്തിലേറെ രൂപ വർഷം തോറും നികുതിയിനത്തിൽ നഗരസഭയ്ക്ക് കൃത്യമായി അടയ്ക്കുന്നുണ്ട്. എന്നിട്ടും 2017 മുതൽ പെട്രോൾ പമ്പിന് ലൈസൻസ് അനുവദിച്ചു തരുന്നില്ലെന്നും അദ്ദേഹം പരാതി പ്പെട്ടു. ഇത്തരം കാര്യങ്ങളിൽ കൃത്യമായി ഇടപെടുന്നതിനാൽ തനിക്ക് വധഭീഷണിയുണ്ടെന്നും തോക്ക് കൊണ്ടു നടക്കേണ്ട അവസ്ഥയാണെന്നും എൻ.എ. മുഹമ്മദ് കുട്ടി വാർത്താ സമ്മേളനത്തിൽപറഞ്ഞു.