ആടിയും പാടിയും കുരുന്നുകള്‍ വിദ്യാലയങ്ങളിലെത്തി
1299389
Friday, June 2, 2023 12:44 AM IST
കൊച്ചി: കളിചിരിയും ആട്ടവും പാട്ടുമൊക്കെയായി അധ്യനയ വര്‍ഷാരംഭം ആഘോഷമായി വിദ്യാര്‍ഥികള്‍. വര്‍ണക്കടലാസില്‍ ഉണ്ടാക്കിയ തൊപ്പിയണിഞ്ഞ് പുത്തനുടുപ്പും ബാഗുമായി മാതാപിതാക്കളുടെ കൈപിടിച്ച് കൗതുകത്തോടെയാണ് കുരുന്നുകള്‍ സ്കൂളുകളിലെത്തിയത്. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ സ്വാഗത ഗാനം ആലപിച്ചും മധുരം നല്‍കിയും കുട്ടികളെ വരവേറ്റു.
വിദ്യാലയത്തിലേക്ക് ആദ്യമായി എത്തിയ കുട്ടികളെ സ്വീകരിക്കാന്‍ വര്‍ണാഭമായാണ് സ്കൂളുകള്‍ ഒരുങ്ങിയത്. വര്‍ണക്കടലാസുകള്‍ കൊണ്ടുണ്ടാക്കിയ പൂക്കളും ഇലത്തോരണങ്ങളും കൊണ്ട് ക്ലാസ് മുറികളും സ്കൂള്‍ മുറ്റവും മനോഹരമായിരുന്നു. ഒപ്പം പൂച്ചയുടെയും കരടിയുടെയും തത്തമ്മയുടെയും വേഷമണിഞ്ഞ് കൂട്ടുകാരും. രണ്ടു മാസത്തെ അവധിക്കു ശേഷം വരുന്ന കുട്ടികളെ വരവേല്‍ക്കാന്‍ അധ്യാപകരുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങള്‍ സ്കൂളുകളില്‍ ഒരുക്കിയിരുന്നു.
ജില്ലാതല പ്രവേശനോത്സവം എറണാകുളം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മേയര്‍ എം. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രീന്‍ കാമ്പസ് ക്ലീന്‍ കാമ്പസ് പ്രവര്‍ത്തന പദ്ധതി പ്രഖ്യാപനവും മേയര്‍ നിര്‍വഹിച്ചു. ഹൈബി ഈഡന് എംപി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ടി.ജെ. വിനോദ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ വികസന കമ്മീഷണര്‍ എം.എസ്. മാധവിക്കുട്ടി, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഹണി ജി. അലക്സാണ്ടര്‍, കൊച്ചി കോര്പറേഷന് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ വി.എ. ശ്രീജിത്ത്, കൗണ്‍സിലര്‍ പത്മജ മേനോന്, വിദ്യാഭ്യാസ റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ അബ്ദുല്‍ കരീം, അസി. ഡയറക്ടര്‍ ലിസി ജോസഫ്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.എസ്. ശ്രീദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
താളമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായാണ് കോതമംഗലം ഉപജില്ലാതല സ്കൂള്‍ പ്രവേശനോത്സവം നടത്തിയത്. പുത്തനുടുപ്പും വര്‍ണത്തൊപ്പികളും ധരിച്ചെത്തിയ കുട്ടികള്‍ക്കൊപ്പം മാതാപിതാക്കളും അധ്യാപകരും ജനപ്രതിനിധികളും ഘോഷയാത്രിയില്‍ അണിനിരന്നു. രാമല്ലൂര്‍ എസ്എച്ച്എല്‍പി സ്കൂളില്‍ ആന്റണി ജോണ്‍ എംഎല്‍എ ഉപജില്ലാതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.
ബലൂണുകളും മധുരവും നല്‍കിയാണ് പെരുമ്പാവൂര്‍ ഉപജില്ലയില്‍ കുട്ടികളെ സ്കൂളുകള്‍ സ്വീകരിച്ചത്. പൂനൂര് ഗവ. എല്‍പി സ്കൂളില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ഉപജില്ലാതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ഉപജില്ലയിലെ 54 സ്കൂളുകളിലായി 1,305 കുട്ടികളാണ് ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയത്.
വൈപ്പിന്‍ ഉപജില്ലാതല പ്രവേശനോത്സവം ഞാറക്കല്‍ ഗവ. ഫിഷറീസ് യുപി സ്കൂളില്‍ കെ.എന്‍. ഉണ്ണിക്കൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചെങ്ങമനാട് ഗവ. എല്‍പി സ്കൂളില്‍ നടന്ന അങ്കമാലി ഉപജില്ല സ്കൂള്‍ പ്രവേശനോത്സവം അന്‍വര്‍ സാദത്ത് എംഎല്‍എ ഉദ്ഘാടനം ചെയ്തു.