കുരുന്നുകള്‍ക്ക് ‘നേപ്പാളി ഫ്രണ്ട് ’
1299391
Friday, June 2, 2023 12:44 AM IST
കൊച്ചി: നേപ്പാളില്‍ നിന്നുള്ള കുട്ടുകാരിയെ കിട്ടിയതിന്റെ സന്തോഷത്തിലാണ് ഗവ. ഗേള്‍സ് സ്കൂളിലെ കുരുന്നുകള്‍ക്ക്. ചെറിയ കണ്ണുകള്‍ വിടര്ത്തിയുള്ള അവളുടെ ചെറു പുഞ്ചിരിയില്‍ എന്തോ ഒരു വ്യത്യാസം അവര്‍ കൗതുകത്തോടെ നോക്കിനിന്നു. പിന്നെ ചേര്‍ത്ത് പിടിച്ച് ആലിംഗനം ചെയ്ത് അവളെ എല്ലാവരും 'നേപ്പാളി ഫ്രണ്ട്' ആക്കി.
നേപ്പാള്‍ കാഠ്മണ്ഡു സ്വദേശിയായ നിര് ബഹദൂര്‍ ഗര്‍ത്തി മഗറിന്റെയും സാവിത്രി ഗര്‍ത്തി മഗറിന്റെയും മകളായ റിയ ഗര്‍ത്തി മഗറിന് അപരിചിതമല്ല എറണാകുളം ഗവ. ഗേള്‍സ് സ്കൂള്‍. എല്‍കെജി മുതല്‍ റിയ ഗേള്‍സിലാണ് പഠിക്കുന്നത്. പത്താംക്ലാസുകാരി ചേച്ചിയുടെ കൈപിടിച്ച് ഇന്നലെ റിയ ഒന്നാം ക്ലാസിലെത്തുമ്പോള്‍ ഓടിക്കളിച്ച സ്കൂള്‍മുറ്റം ഒരു സുന്ദരിയായ കൂട്ടുകാരിയെപ്പോലെ അണിഞ്ഞൊരുങ്ങി നില്‍ക്കുന്നത് കണ്ടു. കടലാസുകൊണ്ടുള്ള കിരീടം ചൂടി പുത്തനുടുപ്പും ബാഗുമായി എത്തിയ റിയയെ അധ്യാപകരും കൂട്ടുകാരും ഏറെ സ്നേഹത്തോടെ സ്കൂളിലേക്ക് സ്വാഗതം ചെയ്തു.
എറണാകുളത്തെ സെക്യൂരിറ്റി ജീവനക്കാരനാണ് റിയയുടെ അച്ഛന് നിര് ബഹദൂര്‍ ഗര്‍ത്തി മഗര്‍. മൂത്ത സഹോദരന് ദുര്‍ഗ ഗര്‍ത്തി മഗര്‍ കോളജ് വിദ്യാര്‍ഥിയാണ്. ചേച്ചി ഗേള്‍സ് സ്കൂളിലെ പത്താക്ലാസ് വിദ്യാര്‍ഥിനിയും. അഞ്ച് വര്‍ഷം മുമ്പാണ് റിയയുടെ കുടുംബം എറണാകുളത്തെത്തിയത്. റിയയെ കൂടാതെ കേരളത്തിന് പുറത്തുനിന്നുള്ള അഞ്ചോളം കുട്ടികള്‍ വിവിധ ക്ലാസുകളിലായി ഇവിടെ പഠിക്കുന്നുണ്ട്.